/uploads/news/news_ഗോമൂത്ര_സ്നേഹികൾ_അറിഞ്ഞോളൂ_നിങ്ങൾ_കുടിക്..._1681212368_6685.png
ആരോഗ്യം

ഗോമൂത്ര സ്നേഹികൾ അറിഞ്ഞോളൂ നിങ്ങൾ കുടിക്കുന്ന മൂത്രത്തിനൊപ്പം അകത്താക്കുന്നത് അപകടകാരികളായ 14 ബാക്ടീരിയകളേയും


ഡൽഹി:  ഭാരതീയ സംസ്കാരത്തിൽ പശുക്കൾക്ക് മാത്രമല്ല, ചാണകത്തിനും ഗോമൂത്രത്തിനും വരെ വലിയ പ്രാധാന്യമാണ് കൽപ്പിച്ചുപോരുന്നത്. അനേകം രോഗങ്ങൾക്കുള്ള പ്രതിവിധിയെന്ന വിശ്വാസത്തിൽ ചിലരാവട്ടെ ഗോമൂത്രം നേരിട്ട് കുടിക്കുകയും ചെയ്യുന്നു. എന്നാൽ ഗോമൂത്രം മനുഷ്യൻ നേരിട്ട് ഉപയോഗിക്കുന്നത് വലിയ അപകടം വിളിച്ച് വരുത്തുന്ന കാര്യമാണെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മനുഷ്യ ശരീരത്തിന് അപകടം സൃഷ്ടിച്ചേക്കാവുന്ന 14 തരം ബാക്ടീരിയകളാണ് ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്നത്. ഈ മൂത്രം നേരിട്ട് സേവിച്ചാൽ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്നും ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയകൾ ഉദരസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കും.

ഐ വി ആർ ഐ ഗവേഷകനായ ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പഠനത്തിൽ, ആരോഗ്യമുള്ള പശുക്കളിൽ നിന്നും കാളകളിൽ നിന്നുമുള്ള മൂത്രസാമ്പിളുകളിൽ കുറഞ്ഞത് 14 തരം ഹാനികരമായ ബാക്‌ടീരിയകളെങ്കിലും അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തൽ. ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാൻ ആകില്ലെന്നും ഇവരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

"ഞങ്ങൾ പ്രാദേശിക ഡയറി ഫാമുകളിൽ നിന്ന് സഹിവാൾ, തർപാർക്കർ, വിന്ദവാനി (ക്രോസ് ബ്രീഡ്) എന്നീ മൂന്ന് തരം പശുക്കളുടെ മൂത്രസാമ്പിളുകൾ ശേഖരിച്ചു. ഇതോടൊപ്പം തന്നെ എരുമകളുടെയും മനുഷ്യരുടെയും സാമ്പിളുകളും എടുത്തിരുന്നു. 2022 ജൂണിനും നവംബറിനുമിടയിൽ നടത്തിയ ഞങ്ങളുടെ പഠനത്തിൽ ഇവയിലെല്ലാം രോഗകാരികളായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്'' - ഭോജ് രാജ് സിംഗ് വ്യക്തമാക്കി.

ഗോമൂത്രം ആൻറി ബാക്ടീരിയൽ ആണെന്ന പൊതുവിശ്വാസം സാമാന്യവൽക്കരിക്കാൻ കഴിയില്ല. ഒരു സാഹചര്യത്തിലും മനുഷ്യ ഉപഭോഗത്തിന് മൂത്രം ശുപാർശ ചെയ്യാൻ കഴിയില്ല. ശുദ്ധീകരിച്ച മൂത്രത്തിൽ രോഗബാധയുള്ള ബാക്ടീരിയ ഇല്ലെന്ന വാദം ചിലർ ഉന്നയിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്ത വരുത്താനായിട്ടില്ല. ഞങ്ങൾ അതിനെകുറിച്ച് കൂടുതൽ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിരവധി ആളുകൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) യുടെ അനുമതിയില്ലാതെ ഗോമൂത്രം ഇന്ത്യൻ വിപണിയിൽ വ്യാപകമായി വിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശുദ്ധീകരിച്ച ഗോമൂത്രം മികച്ചതാണെന്ന് വ്യക്തമാക്കി ഐ വി ആർ ഐയുടെ മുൻ ഡയറക്ടർ ആർ എസ് ചൗഹാൻ രംഗത്ത് വന്നു.

"ഞാൻ 25 വർഷമായി ഗോമൂത്രത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ്, ശുദ്ധീകരിച്ചെടുത്ത ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ക്യാൻസറിനും കോവിഡിനും എതിരെ പ്രതിരോധം തീർക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. ശുദ്ധീകരിച്ച മൂത്രത്തിന്റെ സാമ്പിളുകളിൽ ഈ പ്രത്യേക ഗവേഷണം പഠനം നടത്തിയിട്ടില്ല''- എന്ന് ആർ എസ് ചൗഹാൻ പറഞ്ഞു.

ഗോമൂത്രം കുടിക്കുന്നവരോടാണ്; അകത്താക്കുന്നത് അപകടകാരികളായ 14 ബാക്ടീരിയകളേയും, പഠനം പറയുന്നത്

0 Comments

Leave a comment