കഴക്കൂട്ടം: പ്രവാസികൾക്ക് ചെറുകിട നിക്ഷേപത്തിലൂടെ ഒരു വരുമാന സ്രോതസ് ഒരുക്കുവാനായി ജനയുഗം പത്രവുമായി സഹകരിച്ച് ആരംഭിക്കുന്ന എക്സ്പാറ്റ് പ്രിൻ്റ് ഹൗസിൻ്റെ ശിലാസ്ഥാപനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവ്വഹിച്ചു. പ്രവാസി ഫെഡറേഷൻ്റെ നിരവധി പദ്ധതികളിൽ ആദ്യത്തേതാണ് തിരുവനന്തപുരം കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്കിൽ ആരംഭിക്കുന്ന എക്സ്പാറ്റ് പ്രിൻ്റ് ഹൗസ് എന്ന സ്ഥാപനം. നോട്ടീസ് മുതൽ ന്യൂസ് പേപ്പർ വരെയുള്ള പ്രിൻ്റിംങ്ങും അനുബന്ധ ജോലികളും ഏറ്റെടുത്ത് ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സ്ഥാപനം പ്രവർത്തന സജ്ജമാക്കുന്നത്. ജി.സി.സി രാജ്യങ്ങൾ, യു.എസ്, യു.കെ, സിങ്കപ്പൂർ, മൊറോക്കോ, ഹോങ്കോംങ് തുടങ്ങി പത്തിലേറെ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ ഉൾപ്പെടുന്ന ഗവേർണിംങ് കൗൺസിലാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. വിദേശ രാജ്യങ്ങളിലെ വൈവിധ്യമാർന്ന തൊഴിൽ പരിസരങ്ങളിൽ മലയാളികൾ ആർജ്ജിച്ച വൈദഗ്ധ്യം നമ്മുടെ നാടിൻ്റെ സാമ്പത്തിക മേഖലയിൽ പുരോഗമനപരമായി ഉപയോഗപ്പെടുത്തുകയും തിരികെ വരാനാഗ്രഹിക്കുന്ന തൊഴിലാളികൾ മുതൽ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ വരെയുള്ള പ്രവാസി മലയാളികൾക്ക് വ്യത്യസ്ത രംഗങ്ങളിൽ അവസരമൊരുക്കുകയുമാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി ഫെഡറേഷൻ്റെ നേതൃത്വത്തിലുള്ള ഈ പ്രഥമ പദ്ധതിയ്ക്ക് നാടിൻ്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സ്പാറ്റ് പ്രിൻ്റ് ഹൗസ് ചെയർമാൻ പി.പി.സുനീർ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, ജനറൽ മാനേജർ ജോസ് പ്രകാശ്, ചന്തവിള കൗൺസിലർ ബിനു, കിൻഫ്ര മാനേജിംങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ഇ.ടി.ടൈസൻ മാസ്റ്റർ എം.എൽ.എ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാജീവ്.ജി, നോർക്ക ജനറൽ മാനേജർ അജിത്ത്, ഇ.പി.എച്ച് ജനറൽ മാനേജർ ബിജു അഞ്ചൽ, ബി.പി.രാധാകൃഷ്ണൻ നായർ, എന്നിവർ സംസാരിച്ചു.
പ്രവാസി ഫെഡറേഷൻ്റെ എക്സ്പാറ്റ് പ്രിൻ്റ് ഹൗസിൻ്റെ ശിലാസ്ഥാപനം കിൻഫ്ര പാർക്കിൽ നിർവ്വഹിച്ചു





0 Comments