/uploads/news/news_എക്സൈസ്_സ്‌പെഷ്യൽ_പുറവിൽ_പിടിയിലായവർ_608..._1665147047_1279.png
BREAKING

എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായവർ 608 , 13.48 കോടിയുടെ മയക്കുമരുന്നും പിടികൂടി


തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയര്‍ത്തുന്നതിനൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് തുടര്‍ച്ചയായി സെപ്റ്റംബര്‍ 16-ന് മയക്കുമരുന്നിനെതിരെ ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവില്‍ വെള്ളിയാഴ്ച വരെ 597 കേസുകളിലായി 608 പേര്‍ പിടിയിലായി. തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതല്‍ കേസുകള്‍. ഡ്രൈവിന്റെ ഭാഗമായി 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 6 വരെ 849.7 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ എംഡിഎംഎ പിടിച്ചത്. 1.4 കിലോ മെത്താഫെറ്റാമിനും പിടിച്ചു. ഇതില്‍ 1.28 കിലോയും കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കാലയളവില്‍ 99.67കിലോ കഞ്ചാവും 170 കഞ്ചാവ് ചെടികളും എക്‌സൈസ് പിടിച്ചു. 153 ഗ്രാം ഹാഷിഷ് ഓയില്‍, 1.4 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 9.6 ഗ്രാം ഹെറോയിന്‍, 11.3 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 85.2 ഗ്രാം ലഹരി ഗുളികകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്‌സൈസ് നടപ്പിലാക്കി വരികയാണ്. 3133 പേരെ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളായ 758 പേരെ ഈ കാലയളവില്‍ പരിശോധിച്ചിട്ടുമുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ഈ കാലയളവില്‍ മയക്കുമരുന്ന് വിഷയവുമായി ബന്ധപ്പെട്ട് 242 പരാതികളും വിവരങ്ങളുമാണ് ലഭിച്ചത്. ഇതില്‍ 235 വിഷയങ്ങളിലും എക്‌സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വാറന്റ് പ്രതികളുടെ അറസ്റ്റും തുടരുകയാണ്.

മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ലഹരി വ്യാപനം തടയിടാനുള്ള പ്രവര്‍ത്തനം പൊതുസമൂഹം ഏറ്റെടുക്കണം. സ്‌കൂള്‍ പിടിഎകള്‍, വിദ്യാര്‍ഥി കൂട്ടായ്മകള്‍, സ്റ്റുഡന്‍ന്റ് പോലീസ് കേഡറ്റ്, യുവജനസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്തിറങ്ങണം. ലഹരി ഒഴുക്കിന് തടയിടാന്‍ കൂടുതല്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.

സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കലും വിപുലമായ നിരീക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനവും എക്‌സൈസ് നടപ്പിലാക്കി

0 Comments

Leave a comment