/uploads/news/news_തമ്പാനൂരിൽ_മദ്യപിച്ച്_ബസ്_ഓടിച്ച_ഡ്രൈവർ_..._1665747251_6340.png
BREAKING

തമ്പാനൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ, ലൈസൻസ് റദ്ദാക്കും


തിരുവനന്തപുരം : തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കിഴക്കേകോട്ടയിൽ നിന്നും മണ്ണന്തലയ്ക്ക് സ‍ർവീസ് നടത്തുന്ന സജിത്ത് എന്ന പ്രൈവറ്റ് ബസിന്റെ ഡ്രൈവർ ഡേവിഡാണ് പിടിയിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. 


അതേ സമയം വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി എംവിഡി നടത്തുന്ന പരിശോധന തുടരുകയാണ്. കൊല്ലം ജില്ലയിൽ ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വ്യാപക പരിശോധ നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. സ്കൂൾ, കോളേജധികൃതരോട് വിനോദയാത്ര പോകും മുമ്പ് അറിയിപ്പ് നൽകണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി.

ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാത്രമാകും വിനോദയാത്രകൾക്ക് അനുമതി നൽകുക. ഇന്ന് പുലർച്ചെ കൊല്ലത്തെ ടിടിസി കോളേജിൽ നിന്നും വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ലെന്നും അനുവദനീയമായതിലും വലിയ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ബസിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ചേർത്തലയിൽ നിന്നുള്ള വൺ‍ എസ് ബസാണ് എംവിഡി പിടിച്ചെടുത്തത്. വിനോദയാത്രക്കുള്ള അനുമതി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ റദ്ദാക്കിയിട്ടുണ്ട്. 

വടക്കഞ്ചേരി ബസ് അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂൾ അധികൃതരുടെ വീഴ്ച്ചയാണെന്ന് വിലയിരുത്തിയ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിനോദയാത്രക്ക് വാഹനങ്ങളുപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്നും നി‍‍ർദ്ദേശിച്ചു. 

 

മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.

0 Comments

Leave a comment