നാഗ്പൂർ: നാഗ്പൂരിൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴയിൽ നിന്നുള്ള താരം നിദ ഫാത്തിമ (10) ആണ് മരിച്ചത്. കേരളത്തിന്റെ അണ്ടർ 14 പോളോ താരമാണ് നിദ ഫാത്തിമ. നാഗ്പൂരിലെ താമസസ്ഥലത്ത് വച്ച് ഛർദ്ദി അനുഭവപ്പെട്ട പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുത്തിവെയ്പ്പിനു പിന്നാലെ നില വഷളാവുകയും ഉച്ചയോടെ മരണമടയുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇക്കഴിഞ്ഞ 20ന് നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ അടക്കമുള്ള സംഘത്തിന് ദേശീയ ഫെഡറേഷൻ താമസ, ഭക്ഷണ സൗകര്യം നൽകിയിരുന്നില്ല. ഇതേതുടർന്ന് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള സ്വകാര്യ ലോഡ്ജിലാണ് ഇവർ താത്ക്കാലികമായി താമസിച്ചിരുന്നത്.
കേരള സ്‌പോർട്‌സ് കൗൺസിലിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് കേരള ടീം മഹാരാഷ്ട്രയിൽ മത്സരത്തിന് എത്തിയത്. എന്നാൽ കേരളത്തിൽ നിന്നുള്ള സൈക്കിൾ പോളോ ടീമിന് സൗകര്യങ്ങൾ നൽകാൻ കഴിയില്ലെന്നാണ് ഫെഡറേഷൻ അറിയിച്ചത്. ഹൈക്കോടതി ഉത്തരവോടെയാണ് കുട്ടികൾ മത്സരത്തിന് പോയത്. എന്നാൽ കളിക്കാൻ മാത്രമാണ് അനുമതി നൽകുന്നതെന്നാണ് ദേശീയ ഫെഡറേഷൻ അറിയിച്ചത്.
കേരളത്തിലെ സ്‌പോർട്‌സ് അസോസിയേഷനുകൾ തമ്മിലുള്ള തർക്കമാണ് കുട്ടികളുടെ കായിക ഭാവിക്ക് വിലങ്ങുതടിയാകുന്നത്. നേരത്തെയും കേരളത്തിനു പുറത്ത് മത്സരത്തിനു പോകുന്ന കായിക താരങ്ങൾ ഇത്തരത്തിൽ അവഗണനകൾ നേരിട്ടിട്ടുണ്ട്.
നാഗ്പൂരിലെ താമസസ്ഥലത്ത് വച്ച് ഛര്‍ദ്ദി അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തിവെയ്പ്പിനു പിന്നാലെ നില വഷളാവുകയും ഉച്ചയോടെ മരണമടയുകയുമായിരുന്നു.





0 Comments