കഴക്കൂട്ടം: കേരള സർക്കാർ ആർദ്രം ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പാങ്ങപ്പാറ ഇൻറഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻ്റർ നാളെ (7/10/2020-ബുധനാഴ്ച) പ്രവർത്തനമാരംഭിക്കും. നാളെ വൈകുന്നേരം 3 മണിക്ക് സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ആദ്ധ്യക്ഷതയിൽ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ആർദ്രം ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ ആദ്യത്തെ ഇൻ്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തിയ പാങ്ങപ്പാറ ഹെൽത്ത് സെൻറർ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 11 നഗരസഭാ വാർഡ് പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ചികിത്സ കേന്ദ്രമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ നേരിട്ടുള്ള നിയന്ത്രണങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഈ ചികിത്സാ കേന്ദ്രത്തിൻ്റെ വികസനം നാടിൻ്റെ കാലങ്ങളായുള്ള കാത്തിരിപ്പായിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് ഒരു കെട്ടിടം നിർമ്മിച്ചുവെങ്കിലും പ്രവർത്തനങ്ങൾക്കാവശ്യമായ മറ്റ് നടപടികളൊന്നും സാധ്യമായിരുന്നില്ല. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ 27 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ചികിത്സ ഉറപ്പാക്കുകയും നിലവിലുള്ള കെട്ടിടത്തിൽ അവശേഷിച്ച ജോലികൾ പൂർത്തിയാക്കി ആവശ്യമായ സംവിധാനങ്ങളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭാ മേയർ കെ.ശ്രീകുമാർ നിർവഹിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ എ.റംലാ ബീവി സ്വാഗതം ആശംസിക്കും, പാങ്ങപ്പാറ എ.എം.ഒ - ഡോക്ടർ അനീഷ്.ടി.എസ് റിപ്പോർട്ട് അവതരിപ്പിക്കും, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജൻ ഖോബ്രഗഡെ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ശശി തരൂർ എം.പി, ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് രാഖി രവികുമാർ, ദേശീയ ആരോഗ്യ ദൗത്യം മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ ഐ.എ.എസ്, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനു എന്നിവർ പങ്കെടുക്കും.
പാങ്ങപ്പാറ ഇൻറഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻ്റർ നാളെ പ്രവർത്തനമാരംഭിക്കും





0 Comments