പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിർദേശിച്ചിട്ടുണ്ട്.
പിഎഫ്ഐയുടെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം കൂടുതലുള്ള കർണാടക, തമിഴ്‌നാട്, കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേക നിർദേശവും നൽകി.

ഇതിനിടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പിഎഫ്‌ഐയുടെ ഓഫീസുകൾ സീൽ ചെയ്തു തുടങ്ങി. കർണാടകയിലേയും തമിഴ്‌നാട്ടിലേയും പോപ്പുലർഫ്രണ്ടിന്റെ പ്രധാനപ്പെട്ട ഓഫീസുകൾ പൂട്ടി സീൽ ചെയ്തു. കേരളത്തിലും പിഎഫ്‌ഐ ശക്തി കേന്ദ്രങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഫീസുകളിലേക്ക് ആളുകൾ എത്തരുതെന്നാണ് പോലീസിന്റെ നിർദേശം. അടച്ചുപൂട്ടുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര സെക്രട്ടറി,ഡിജിപിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. ഈ ചർച്ചയ്ക്ക് ശേഷമാകും ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള നടപടകളിലേക്ക് പോലീസ് കടക്കുക.
ഇതിനിടെ എറണാകുളത്ത് പോപ്പുലർഫ്രണ്ടിന്റെ ശക്തി കേന്ദ്രമായ ആലുവയിൽ ആർഎസ്എസ് കാര്യാലയത്തിനും നേതാക്കൾക്കും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചു. പിഎഫ്‌ഐക്കെതിരായ റെയ്ഡിൽ അവർ ചില ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താകും ആർഎസ്എസ് നേതാക്കൾക്ക് സുരക്ഷ ഒരുക്കുന്നത്.
അതേ സമയം നിരോധനത്തിന് ശേഷം ഇതുവരെ പിഎഫ്‌ഐയുടെ ഭാഗത്ത് നിന്ന് രാജ്യത്തെവിടെയും കാര്യമായ പ്രതിഷേങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേന സുരക്ഷ





0 Comments