കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് കോടതി റദ്ദാക്കിയത്.
കേന്ദ്രനിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ നടപടി.
ഇതുസംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 60 ജിഎസ്എമ്മിന് താഴെയുള്ള നോണ്‍ വ്യൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നു. ഇതു നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ലെന്നായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജിക്കാരന്റെ വാദം. ക്യാരി ബാഗുകളുടെ നിര്‍മ്മാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കേന്ദ്രനിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.





0 Comments