തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ ഒടുവിൽ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും.
സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.
അപ്രതീക്ഷിത രാജിപ്രഖ്യാപനത്തോടെ രണ്ടാം പിണറായി സർക്കാരിൽ നിന്ന് പുറത്തുപോകുന്ന ആദ്യ മന്ത്രിയായി സജി ചെറിയാൻ മാറുകയാണ്. രണ്ടാം പിണറായി സർക്കാരിൽ സാംസ്കാരികം, ഫിഷറീസ് വകുപ്പുകളാണ് സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്. ഇന്നലെ വ്യാപകമായി പ്രചരിച്ച ഫേസ്ബുക്ക് വീഡിയോയാണ് മണിക്കൂറുകൾക്കുള്ളിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മന്ത്രിയെ എത്തിച്ചത്.
രാജിയിലേക്ക് നയിച്ച വാക്കുകൾ -
പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിലാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു പ്രസ്താവന.
‘ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. നല്ല ഭരണഘടനയാണെന്ന് രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ മനോഹര ഭരണഘടനയെന്ന് ഞാൻ പറയും’…
പ്രസംഗം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും നിയമ വിദഗ്ധരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പ്രസംഗത്തെ ന്യായീകരിച്ച് സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് എന്നും ഭരണഘടനയെ അല്ല, തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും മന്ത്രി ഇന്നലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ പറഞ്ഞിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും





0 Comments