തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം.
ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹംസയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന് വിദേശത്തായിരുന്നു ജോലി. ഏതാനും നാളുകൾക്ക് മുമ്പാണ് ഇരുവരും വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അനീഷിന്റെ കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴയിൽനിന്ന് നിഖിതയുടെ ബന്ധുക്കളും വർക്കലയിൽ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യയെ സംശയം, വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ





0 Comments