കൊച്ചി: സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി (റഷീദ് എം.എച്ച്) അതീവ ഗുരുതരാവസ്ഥയില്‍. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് റിപ്പോർട്ട്. ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫി ഉള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. റാഫി- മെക്കാർട്ടിൻ, രാജസേനൻ തുടങ്ങിയവരുടെ കീഴിൽ സഹസംവിധായകനായി 1990 ൽ സിനിമാരംഗത്തെത്തി. 2001ൽ പുറത്തിറങ്ങിയ വൺമാൻഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തിയത്. തൊമ്മനും മക്കളും, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, മായാവി, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടൂ കണ്‍ട്രീസ്, ചട്ടമ്പിനാട്, മജാ (തമിഴ്) തുടങ്ങിയവ ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്.
2018ല്‍ റിലീസ് ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെ സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.
റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി.





0 Comments