തിരുവനന്തപുരം: യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. കേരളാ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ ഇപ്പോഴത്തെ നീക്കം. പാലയാട് ക്യാമ്പസ്സിൽ നിയമവിദ്യാർത്ഥിയായിരുന്ന അലൻ, ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ച് എസ്എഫ്ഐ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്, ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരം ധർമടം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കാനുള്ള നീക്കം എൻഐഎയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കൊച്ചി എൻഐഎ കോടതിയിലാണ് അപേക്ഷ നൽകിയത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടി.
റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് കേരളാ പോലീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മാവോയിസ്റ്റ് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ എൻകെ ഇബ്രാഹിം എന്ന വ്യക്തിക്കൊപ്പമുള്ള ചിത്രവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഐഎയുടെ അപേക്ഷ. അലനെ നിരീക്ഷിക്കാൻ ചുമതല ഉണ്ടായിരുന്ന പന്നിയങ്കര എസ്എച്ച്ഒ ശംഭുനാഥാണ് എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയത്. അലൻ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ മറ്റ് ഇടപെടലുകളും എൻഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്.
കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ ധർമടം പോലീസ് അലനെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥിനിയെ റാഗ് ചെയ്തെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് നടപടി. എന്നാൽ പരാതി വ്യാജമാണെന്നും എസ്എഫ്ഐ പകവീട്ടുകയാണെന്നുമാണ് അലന്റെ വാദം. വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് രണ്ടാം വർഷ വിദ്യാർത്ഥി ബദറുദ്ദീനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നാണ് അലന്റെ വാദം. ഇവരെ തടയാൻ ശ്രമിച്ച അലനെയും രണ്ടാം വർഷ വിദ്യാർത്ഥിയായ മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥിയായ നിഷാദ് ഊരാതൊടിയേയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നും അലൻ ആരോപിക്കുന്നുണ്ട്.
കോളേജിൽ നടന്ന സംഘർഷത്തിൽ മറ്റ് വിദ്യാർത്ഥികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അലൻ ഉൾപ്പെടെ രണ്ട് പേരെയാണ് ധർമ്മടം പോലീസ് നവംബർ രണ്ടിന് കസ്റ്റഡിയിലെടുത്തിരുന്നത്.
അലന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയില്‍; നീക്കം കേരളാ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍





0 Comments