/uploads/news/news_ഒറ്റ_ദിവസത്തെ_റെയ്ഡിൽ_പിടിയിലായത്_46_കള്..._1662460032_6843.jpg
BREAKING

ഒറ്റ ദിവസത്തെ റെയ്ഡിൽ പിടിയിലായത് 46 കള്ള ടാക്‌സികൾ


കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 46 കള്ള ടാക്‌സികൾ പിടികൂടി. ഞായറാഴ്ച ഒറ്റ ദിവസമാണ് ഇത്രയും ടാക്‌സികൾ പിടികൂടിയത്. 2.19 ലക്ഷം രൂപ പിഴയും ഈടാക്കി. തമിഴ്നാട്ടിൽ നിന്നും തോട്ടം തൊഴിലാളികളെ കുത്തി നിറച്ച് കേരളത്തിലെ തോട്ടങ്ങളിലേക്ക് വരുന്ന വാഹനങ്ങളായിരുന്നു ഇവയെല്ലാം.

സ്വകാര്യ വാഹനങ്ങളിലും, കൃത്യമായ രേഖകളില്ലാത്ത ടാക്സി വാഹനങ്ങളിലും തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. മേഖലയിലെ നിയമാനുസൃതം സർവീസ് നടത്തുന്ന ടാക്സി ഡ്രൈവർമാരും പരാതികൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ.നസീറിന്റെ നിർദേശാനുസരണമാണ് കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.

രാവിലെ 5.50 മുതൽ ആരംഭിച്ച പരിശോധനയിൽ തൊഴിലാളികളെ കുത്തിനിറച്ചെത്തിയ 46 കള്ള ടാക്സികൾ പിടികൂടി. അമിത വേഗതയിലെത്തിയ വാഹനങ്ങൾക്കും പരിശോധനയിൽ പിഴ ചുമത്തി. ഇൻഷുറൻസ് ഇല്ലാത്ത നാല് വാഹനങ്ങളും, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ അഞ്ച് വാഹനങ്ങളും, നികുതി അടയ്ക്കാത്ത എട്ട് വാഹനങ്ങളും, ലൈസൻസില്ലാതെ വാഹനമോടിച്ചെത്തിയ രണ്ട് ഡ്രൈവർമാരെയും പിടികൂടി.

പിഴയീടാക്കിയ വാഹനങ്ങൾ ഒരു മാസത്തിനകം രേഖകൾ ശരിയാക്കി ഹാജരാക്കാനും നിർദേശം നൽകയിട്ടുണ്ട്. പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി.എസ്.മുജീബ്, എ.എം.വി.ഐ ഉല്ലാസ്.ഡി.ചരളേൽ, ദിപു ആർ.നായർ എന്നിവർ നേതൃത്വം നൽകി.

ഒറ്റ ദിവസത്തെ പരിശോധനയില്‍ എം.വി.ഡി കുടുക്കിയത് 46 കള്ള ടാക്‌സികള്‍; പിഴ 2.19 ലക്ഷം രൂപ

0 Comments

Leave a comment