/uploads/news/news_കേക്കും_വീഞ്ഞും:വിവാദ_പരാമർശം_പിൻവലിച്ച്..._1704195569_3657.jpg
BREAKING

കേക്കും വീഞ്ഞും; വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. ‘കേക്ക് , വൈൻ, രോമാഞ്ചം’ എന്ന ഭാഗം പ്രയാസം ഉണ്ടാക്കിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല ഞാൻ ഉന്നയിച്ചത്.

മണിപ്പൂർ പ്രശ്നത്തിൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

താൻ ഒരു രാഷ്ട്രീയ പ്രശ്നമാണ് ഉന്നയിച്ചത്, താൻ ഒരു മതേതരവാദിയാണ്. അത് പൊതു സമൂഹത്തിൽ പങ്കുവച്ചു. പങ്കെടുത്തവരാരും പ്രശ്നങ്ങൾ ഉന്നയിച്ചില്ല. ആരെയാണ് ഇവർ ഭയപ്പെടുന്നത്.ഇതൊരു ജനാധിപത്യ രാജ്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂർ പ്രശ്നം സ്നേഹബുദ്ധ്യ എങ്കിലും ഉന്നയിക്കണമായിരുന്നു. ഈ പ്രശ്നത്തിൽ കോൺഗ്രസ് ബിജെപിക്കെതിരെ ഒരു വാക്ക് മിണ്ടിയോ? ന്യൂനപക്ഷ വിഭാഗത്തിന് നല്ല ആശങ്കയുണ്ട്. ഇവിടെ ഇടതുപക്ഷം ഉള്ളതു കൊണ്ടാണ് ആ പ്രശ്നം ഇല്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശം വലിയതോതിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെയാണ് മന്ത്രി പരാമർശങ്ങൾ പിൻവലിച്ചത്. അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്കുകൾ വിവരിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം.

 2014-ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 700 ഓളം വർഗീയ ആക്രമണങ്ങളാണ് രാജ്യത്താകമാനം ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിൽ 287 എണ്ണം ഉത്തർപ്രദേശിൽ, 148 എണ്ണം ഛത്തീസ്ഗഢിൽ, 49 എണ്ണം ഝാർഖണ്ഡിൽ, 47 എണ്ണം ഹരിയാനയിലുമാണ്. ഇവയെല്ലാം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2014-ൽ രാജ്യത്ത് ആകെ 140 അക്രമ സംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ബി.ജെ.പി. ഭരിച്ച ഒമ്പത് വർഷം കൊണ്ട് ആക്രമണത്തിന്റെ കണക്ക് കുത്തനെ കൂടി. അന്താരാഷ്ട്രതലത്തിൽ വന്നിട്ടുള്ള റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിഭാഗത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് പതിനൊന്നാം സ്ഥാനത്താണ്.

കേന്ദ്രമന്ത്രി വി. മുരളീധരൻ മുതലെടുപ്പിന് ശ്രമിക്കുകയാണ്. മുസ്ലീമിനെ അകറ്റി ക്രിസ്ത്യാനിയെ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വീടുകൾ കയറി മുസ്ലീങ്ങളെ കുറിച്ച് കുറ്റം പറയുന്നു. ആ പ്രസ്താവന മുരളീധരന് കൊണ്ടു. ചില മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി അക്രമിച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണം വരെ പോരാടുമെന്നും അതാണ് തന്റെ രാഷ്ട്രീയ നിലപാടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

2014-ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

0 Comments

Leave a comment