/uploads/news/news_കോവിഡ്_അവസാനിച്ചിട്ടില്ല_മാസ്ക്_തുടരണമെന..._1671619777_5070.png
BREAKING

കോവിഡ് അവസാനിച്ചിട്ടില്ല മാസ്ക് തുടരണമെന്ന് കേന്ദ്രം


ന്യൂഡൽഹി: ചൈനയിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാ​ഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

കോവി‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

ആൾക്കൂട്ടമുള്ള ഇടങ്ങളിൽ(അകത്തും പുറത്തും) മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ പോൾ യോ​ഗത്തിനുശേഷം വ്യക്തമാക്കി. രോ​ഗങ്ങൾ ഉള്ളവരും മുതിർന്നവരിലും ഇക്കാര്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റർഷോട്ടുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നത് സു​ഗമമാക്കുന്നതിനായി കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ INSACOG ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ആരോ​ഗ്യവിഭാ​ഗം സെക്രട്ടറിമാർ, ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്മെന്റ്, ബയോടെക്നോളജി ഡിപ്പാർട്മെന്റ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നീതി ആയോ​ഗ് അം​ഗം ഡോ.വി.കെ പോൾ തുടങ്ങിയവരാണ് യോ​ഗത്തിൽ പങ്കെടുത്തത്.

ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ബീജിങ്ങിൽ നാൽപതുശതമാനത്തിലധികം പേരും കോവിഡ് ബാധിതരാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സ്ഥിതി ​ഗുരുതരമായതോടെ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ പോലും ആശങ്കയാൽ ആശുപത്രിയിലേക്ക് പായുകയാണ്.

പ്രതിഷേധങ്ങളെത്തുടർന്ന് സീറോ കോവിഡ് നയത്തിൽ ചൈനീസ് ഭരണകൂടം ഇളവ് നൽകിയിരുന്നു. ഇതിന് പിന്നാലെ പുതിയ കേസുകളിൽ വൻ വർധനയാണ് രാജ്യത്തുണ്ടായത്. കോവിഡ് മൂലമുള്ള മരണം ചൈന മറച്ചുവെക്കുന്നുവെന്ന ആരോപണവുമുണ്ട്.

കോവിഡ് അവസാനിച്ചിട്ടില്ല; ഏത് സാഹചര്യവും നേരിടാന്‍ ടീം സജ്ജം: കേന്ദ്ര ആരോഗ്യ മന്ത്രി

0 Comments

Leave a comment