കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപ യാത്ര പയ്യാമ്പലത്തേക്ക്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. കുടുംബാംഗങ്ങൾക്കും 12 നേതാക്കൾക്കുമാണ് പങ്കെടുക്കാനാകുക.ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. പയ്യാമ്പലം പാർക്കിലെ ഓപ്പൺ സ്‌റ്റേജിലാണ് അനുശോചനയോഗം ചേരുക.തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഞായർ രാത്രി പത്തോടെയാണ് വീട്ടിലേക്ക് എത്തിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎമ്മിന്റെയും എൽഡിഎഫിന്റെയും നേതാക്കളും എംഎൽഎമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ അടച്ചിടും.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.





0 Comments