തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്ക് സഹായമായി കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈകഴുകാൻ സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി ഗ്രൂപ്പാണെന്നുമാണ് പരസ്യനിലപാട്. ഇതോടെ കേന്ദ്രസേനയെത്തിയശേഷം പദ്ധതി മേഖലയിൽ എന്ത് അനിഷ്ടസംഭവമുണ്ടായാലും കേന്ദ്രത്തിന്റെയും അദാനിയുടെയും തലയിൽ കെട്ടിവെച്ച് സർക്കാരിന് കൈകഴുകാം. കേന്ദ്രസേനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ സമ്മതമറിയിച്ചതോടെ കേന്ദ്രസർക്കാർ ബുധനാഴ്ച കോടതിയിൽ നിലപാടറിയിക്കും.
എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അത് കൂടി മുന്നിൽക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാൻ സർക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഉന്നയിച്ചതിനാൽ സർക്കാരിന് കൈകഴുകി നോക്കി നിൽക്കാം. സംസ്ഥാനത്ത് പല വൻകിട പദ്ധതികൾക്കും കേന്ദ്രസേനയുടെ സംരക്ഷണമുളളതിനാൽ സമ്മതം മൂളിയെന്ന് പൊതുവിൽ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താൽ കേന്ദ്രസേനയ്ക്ക് ഇടപേടേണ്ടിവരും. അങ്ങനെ വന്നാൽ എല്ലാം കേന്ദ്രസേനയുടെ തലയിൽ ചാർത്തി സംസ്ഥാന സർക്കാരിന് തന്ത്രപരമായി രക്ഷപെടാം.
ഇതിനിടെ ലത്തീൻ സഭയുടെ കീഴിലുളള കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആൻറണി രാജു അവസാന നിമിഷം പിൻമാറി. മന്ത്രി കൊച്ചിയിലുണ്ടായിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുത്തില്ല. സമയക്കുറവുളളതിനാൽ പോയില്ലെന്നാണ് മന്ത്രിയുടെ മറുപടി. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ ആശുപത്രി അധികൃതർ മുഖ്യാതിഥിയാക്കി
കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി ഗ്രൂപ്പാണെന്നുമാണ് സർക്കാരിന്റെ പരസ്യനിലപാട്.





0 Comments