/uploads/news/news_ഡീസൽ_ഇല്ല_കെഎസ്ആർടിസി_പ്രതിസന്ധി_രണ്ടാം_..._1659773200_5702.jpg
BREAKING

ഡീസൽ ഇല്ല കെഎസ്ആർടിസി പ്രതിസന്ധി രണ്ടാം ദിനവും തുടരുന്നു


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡീസൽ പ്രതിസന്ധിയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സർവീസുകൾ മുടങ്ങി. 40 ശതമാനം ഓര്‍ഡിനറി സര്‍വീസുകൾ മുടങ്ങിയതോടെ ജനം വലഞ്ഞു. ചില ദീർഘദൂര സർവീസുകളെയും ഡീസൽ പ്രതിസന്ധി ബാധിച്ചു. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ ആവർത്തിച്ചു. 

ഗ്രാമീണ, തീരദേശ, മലയോര മേഖലയിലെ യാത്രക്കാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പെരുവഴിയിലായി. ഡീസൽ പ്രതിസന്ധി തുടരുന്നത് മൂലം ഓർഡിനറി ബസുകൾ സർവീസ് വെട്ടികുറച്ചു. രാവിലെ ഡ്യൂട്ടിക്കെത്തിയെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സർവീസ് റദ്ദാക്കിയത് അറിഞ്ഞതോടെ മടങ്ങി.

ഡീസൽ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, ഓ‌ർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. പ്രതിമാസ ധനസഹായത്തിൽ സര്‍ക്കാര്‍ നൽകാനുളള 20 കോടി കിട്ടിയാൽ താൽക്കാലിക പ്രശ്നപരിഹാരമാകുമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. 

 

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചതിൽ വിശദീകരണം തേടി ഗതാഗത മന്ത്രി ആന്റണി രാജു. സിഎംഡി ബിജു പ്രഭാകറിൽ നിന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ ഓടിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാളെ (ഞായറാഴ്ച) ഓർഡിനറി സർവീസുകൾ ഉണ്ടാകില്ലെന്നും കെഎസ്ആർടിസി ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി റിപ്പോർട്ട് തേടിയത്. 

ഇതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഐഒസി അറിയിച്ചു.ഡീസൽ വിലനിര്‍ണയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ അറിയിച്ചു. വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണ്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി പിഴ ചുമത്തി തള്ളണമെന്നും ഐഒസി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പ്രതിസന്ധിയുടെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഡീസൽ പ്രതിസന്ധി തുടരുന്നു; രണ്ടാം ദിവസവും സർവീസുകൾ മുടങ്ങി, വലഞ്ഞ് ജനം

0 Comments

Leave a comment