/uploads/news/news_തമിഴ്പുലി_എല്‍ടിടിഇ_പ്രഭാകരന്‍_ജീവനോടെയു..._1676285931_5495.png
BREAKING

തമിഴ്പുലി എല്‍ടിടിഇ പ്രഭാകരന്‍ ജീവനോടെയുണ്ട്, തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരന്‍


തഞ്ചാവൂർ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന അവകാശ വാദവുമായി തമിഴ് നാഷണൽ മൂവ്‌മെന്റ് (ടിഎൻഎം) നേതാവ് പി. നെടുമാരൻ. 2009 മേയിൽ ശ്രീലങ്കൻ സൈന്യം വധിച്ചു എന്ന് അവകാശപ്പെടുന്ന പ്രഭാകരനുമായി  ആശയവിനിമയം നടത്താറുണ്ടെന്നാണ് നെടുമാരന്റെ അവകാശവാദം. പ്രഭാകരൻ
ആരോഗ്യവാനായിരിക്കുന്നുവെന്നും നിലവിൽ എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നും വ്യക്തമാക്കിയ നെടുമാരൻ ഉചിതമായ സമയത്ത് പ്രഭാകരൻ വെളിയിൽവരുമെന്നും പറയുന്നു. പ്രഭാകരന്റെ  കുടുംബത്തിന്റെ അനുമതിയോടെയാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നെടുമാരൻ വ്യക്തമാക്കി. തഞ്ചാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിഎൻ എം നേതാവ്.

ശ്രീലങ്കയിലെ നിലവിലെ സാഹചര്യം പ്രഭാകരന് പുറത്തുവരാനുള്ള ഏറ്റവും യോജിച്ച സമയമാണ്. ഉചിതമായ സമയത്ത് പൊതുജനങ്ങൾക്ക് മുന്നിൽ എത്തി തമിഴ് ഈഴം സ്ഥാപിക്കാനുള്ള തന്റെ വിശദമായ പദ്ധതികളെക്കുറിച്ച്  പ്രഭാകരൻ വിശദീകരിക്കുമെന്നും നെടുമാരൻ വ്യക്തമാക്കി.

എൽടിടിക്കെതിരെ നടന്ന ശ്രീലങ്കൻ സർക്കാറിന്റെ സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കണമെമെന്നും നെടുമാരൻ പത്രസമ്മേനത്തിൽ ആവശ്യപ്പെട്ടു. ശ്രീലങ്കയിൽ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക തമിഴ് രാജ്യം ആവശ്യപ്പെട്ട് സായുധ പോരാട്ടം നടത്തിയിരുന്ന എൽ.ടി.ടി.ഇക്കെതിരെ 2009ൽ രാജ്പക്‌സെ സർക്കാർ സൈനീക നടപടി സ്വീകരിച്ചിരുന്നു. തമിഴ് പുലികളുടെ സ്വാധീനമേഖലകളിൽ ശ്രീലങ്കൻ സൈന്യം നടത്തിയ കടന്നാക്രമണത്തിൽ എൽ.ടി.ടി.ഇയുടെ മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെട്ടിരുന്നു. എൽ.ടി.ടിയെ ഇല്ലാതാക്കിയ ഈ സൈനീക നടപടിക്കിടെ നടന്ന ഏറ്റുമുട്ടലിൽ പ്രഭാകരൻ കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കൻ സൈന്യം വ്യക്തമാക്കിയിരുന്നു. പ്രഭാകരന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പുറത്ത് വിടുകയും ചെയ്തിരുന്നു. എൽടിടിഇ നേതാക്കളും പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചിരുന്നു.

വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നുമാണ് പി നെടുമാരന്‍ അവകാശപ്പെട്ടിരിക്കുന്നത്.

0 Comments

Leave a comment