/uploads/news/news_ബലാത്സംഗക്കേസിൽ_പ്രതിയായ_സി.ഐ_പി.ആർ_സുനു..._1671449248_2732.png
BREAKING

ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി


തിരുവനന്തപുരം: ബലാൽസംഗം ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. സർവ്വീസിൽ നിന്നും പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധിപ്പിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിജിപിയാണ് ഇന്ന് വൈകുന്നേരം നോട്ടീസ് നൽകിയത്.  

15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു. ഓരോ കുറ്റകൃത്യത്തെകുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. 

എന്നാൽ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗ കേസിൽ ആരോപണവിധേയനായതിനെ തുടർന്ന്, ബേപ്പൂർ കോസ്റ്റൽ ഇൻസ്പെകറായിരുന്ന സുനു ഇപ്പോൾ സസ്പെൻഷനിലാണ്. 

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസ്  ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകുകയും ചെയ്തു. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടികയിൽ സൂക്ഷ്മപരിശോധന നടത്താൻ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്..

ബേപ്പൂർ കോസ്റ്റൽ പോലീസ് മുൻ ഇൻസ്പെക്ടർ പി.ആർ.സുനു ബലാൽസംഗ കേസിൽ പ്രതി ആയതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നത്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവർ മുതൽ വകുപ്പ്തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗകയറ്റം നേടുന്നവർ വരെ പൊലീസിൽ പതിവാണ്. ഇതൊഴിവാക്കാൻ സിഐ മുതൽ എസ്പിമാർ വരെയുള്ളവരുടെ സർവ്വീസ് ചരിത്രം പൊലീസ് ആസ്ഥാനത്തും  ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സർവ്വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണകടത്ത്, സ്ത്രീകൾക്കെതിരായ അതിക്രമകേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും. 

ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും, എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി തുടങ്ങി. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സർക്കാർ തീരുമാനിക്കുന്നത് ആദ്യമല്ല. വിവാദങ്ങളും സമ്മർദ്ദങ്ങളും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും പിൻമാറും. പുതിയ നീക്കം പ്രഹസനമാകുമോ അതോ പഴുതടച്ച്  സേനയിലെ ശുദ്ധീകരണം ഇത്തവണ എങ്കിലും നടപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത് 

ബലാത്സംഗമടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനെ പിരിച്ചു വിടാൻ നടപടി തുടങ്ങി, 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു.

0 Comments

Leave a comment