/uploads/news/news_മാടൻവിള_കയർ_സഹകരണ_സംഘത്തിലെ_അഴിമതി_അന്വേ..._1730923004_1690.jpg
BREAKING

മാടൻവിള കയർ സഹകരണ സംഘത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി ഭരണസമിതി അംഗങ്ങൾ


പെരുമാതുറ: മാടൻവിള 306-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം ഭരണസമിതി അംഗങ്ങൾ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. ഭരണസമിതി അംഗങ്ങളായ എ.ആർ.സവാദ്, മുഹമ്മദ് ഹുസൈൻ എന്നിവരാണ് വിവരാവകാശ രേഖകൾ സഹിതം അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

2007 വരെയുണ്ടായിരുന്ന ഭരണസമിതി ഈ സംഘത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയാണുണ്ടാക്കിയതെന്നും, അന്നുണ്ടായിരുന്ന സംഘം പ്രസിഡന്റ് മരണപ്പെടുമ്പോൾ ലക്ഷക്കണക്കിന് അഴുകൽ തൊണ്ട് ആസ്തിയുണ്ടായിരുന്ന സംഘം നിലവിൽ ലക്ഷങ്ങളുടെ നഷ്ടത്തിലാണെന്നുമാണ് പറയുന്നത്. വർഷങ്ങളായി കണക്ക് ഓഡിറ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന തങ്ങളെ, ഇപ്പോൾ സംഘം ഭരണസമിതി യോഗം പോലും അറിയിക്കാറില്ലെന്നാണ് ഇവർ പറയുന്നത്. 

കൂടാതെ സംഘത്തിന് സെക്രട്ടറി ഇല്ലാതായിട്ട് വർഷങ്ങളായെന്നും ആരോപണമുണ്ട്. 2014 മുതൽ 2024 വരെ PMI ഫണ്ടിനത്തിൽ സംഘത്തിന് ലഭിച്ചത് 34,30,094/- രൂപയും വർക്കിംഗ് ക്യാപിറ്റൽ 4,90,459/- രൂപയും മാനേജീരിയൽ സബ്‌സിഡി - 2,30,000/- രൂപയും സംഘത്തിലിരുന്ന് തുരുമ്പെടുത്ത് നശിക്കുന്ന 10 ASM വില്ലോയിംഗ്‌ മെഷീനായി 38,59,124/- രൂപയും ASM മെഷീൻ സ്ഥാപിക്കുന്നതിനായി ഒരു ലക്ഷം രൂപയും തൊണ്ട് സംഭരണത്തിന് 2 ലക്ഷം രൂപയും കൂടാതെ കയർഫെഡ് 5,50,000 രൂപ നൽകിയതായും വിവരാവകാശരേഖ വഴി ലഭിച്ച മറുപടി വ്യക്തമാക്കുന്നതായി ഇവർ പറയുന്നു.

2022 - 23 സാമ്പത്തിക വർഷത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 7 ഗ്രൂപ്പ് കയർ തൊഴിലാളികൾക്കായി നൽകിയ 4,35,500 രൂപയിൽ മാടൻവിള കയർ സംഘം തൊഴിലാളികൾക്ക് നൽകിയ തുകയുടെ വിനിയോഗം സംബന്ധിച്ച കണക്ക് 2024 - 25 പദ്ധതി ആരംഭിച്ച ഘട്ടത്തിൽ പോലും ബ്ലോക്ക് പഞ്ചായത്തിനോ ചിറയിൻകീഴ് പ്രോജക്ട് ഓഫീസിനോ വെളിപ്പെടുത്താൻ കഴിയുന്നില്ല. രണ്ടു വകുപ്പുകളും ധന വിനിയോഗം സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടിയാണ് പറയുന്നത്.

വർഷങ്ങളായി സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് സംഘം ഭരിക്കുന്നത്. 2009-2024 വരെ മൂന്നരക്കോടി രൂപയുടെ കയർ, കയർഫെഡിനയച്ചതായും രേഖകളിലുണ്ട്. അങ്ങനെയിരിക്കെ സംഘം നഷ്ടത്തിലായതെങ്ങനെയെന്ന് അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നാണ് ഇരുവരുടെയും ആവശ്യം. തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കൽ പദ്ധതി പ്രകാരം സർക്കാരിൽ നിന്നും ലഭിക്കുന്ന തുകയിലും വൻ അഴിമതിയാണ് നടക്കുന്നത്. സംഘത്തിൽ പണിയെടുക്കാത്ത ആളുകളുടെ പേരിൽ പോലും ക്ലെയിം ചെയ്ത് പൈസ വാങ്ങുന്നുണ്ടെന്നതാണ് മറ്റൊരു ആരോപണം.

സംഘത്തിൽ നടക്കുന്ന അഴിമതി വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നാണ് ഭരണസമിതി അംഗങ്ങളായ എ.ആർ.സവാദും മുഹമ്മദ് ഹുസൈനും സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ഭരണസമിതി അംഗങ്ങളായ എ.ആർ.സവാദ്, മുഹമ്മദ് ഹുസൈൻ എന്നിവരാണ് വിവരാവകാശ രേഖകളുമായി വൻഅഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഘത്തിൽ പണിയെടുക്കാത്ത ആളുകളുടെ പേരിൽ പോലും ക്ലെയിം ചെയ്ത് പൈസ വാങ്ങുന്നുണ്ടെന്നും ആരോപണമുണ്ട്

0 Comments

Leave a comment