/uploads/news/news_വനത്തിൽ_അതിക്രമിച്ചു_കടന്നതിന്_ചെറാട്_മല..._1644851892_8024.jpg
BREAKING

വനത്തിൽ അതിക്രമിച്ചു കടന്നതിന് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു


പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ബാബുവിനോടൊപ്പം മലകയറിയ വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.


സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ  പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.


ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ രാത്രി വീണ്ടും ഒരാൾ മല കയറിയിരുന്നു. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വനമേഖലയിൽ കണ്ടെത്തിയത്. ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തിയത്.


പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.


രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.

വനത്തിൽ അതിക്രമിച്ചു കടന്നതിന് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

0 Comments

Leave a comment