നോയിഡയിൽ യുവതിയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിനെതിരെ നടപടി. ഒളിവിൽ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം അധികൃതർ പൊളിച്ച് നീക്കി. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്ടർ-93 ബിയിലുള്ള ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലെ ഫ്ലാറ്റ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചത്.
ഇന്ന് രാവിലെയാണ് ബുൾഡോസർ നടപടി ആരംഭിച്ചത്. പൊലീസുമായി എത്തിയ അധികൃതർ ശ്രീകാന്ത് ത്യാഗിയുടെ അനധികൃത കെട്ടിടം പൊളിച്ച് നീക്കുകയായിരുന്നു. കോമൺ ഏരിയയിലും പാർക്കിംഗിലും നടത്തിയ നിർമാണം പൂർണമായി നീക്കി. ഹൗസിംഗ് സൊസൈറ്റിയിൽ ബഹളം സൃഷ്ടിച്ച ത്യാഗിയുടെ അനുയായികളെയും കസ്റ്റഡിയിലെടുത്തു. അതേസമയം സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലെ മുഖ്യപ്രതി ശ്രീകാന്ത് ത്യാഗി ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയിൽ താമസക്കാരിയായ വനിതയും തമ്മിൽ വൃക്ഷത്തൈകൾ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുകയും ചെയ്തു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. ബിജെപി നേതാവിനെ കണ്ടെത്തുന്നവർക്ക് ഗൗതം ബുദ്ധ നഗർ പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
‘ബുൾഡോസർ നടപടി’; വനിതയെ അപമാനിച്ച ബിജെപി നേതാവിന്റെ വീട് പൊളിച്ചു





0 Comments