കൊച്ചി: സിനിമാ- സീരിയൽ താരം സുബി സുരേഷ് (42) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായി ജനിച്ച സുബി,തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളേജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മിനിസ്ക്രീനിൽ നിരവധി കോമഡി പരിപാടികൾ ചെയ്ത സുബി, ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന ജനപ്രിയ കോമഡി പരമ്പരയിലൂടെയാണ് പ്രേക്ഷകമനസിൽ ഇടംനേടിയത്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച അവതാരകയും കൂടിയായിരുന്നു. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.
ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അടുത്തകാലത്തായി യൂട്യൂബിലടക്കം സജീവമായിരുന്നു സുബി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന, കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.
പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മൃതദേഹം നാളെ രാവിലെ എട്ട് മണിമുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണി മുതൽ 3 വരെ വരാപ്പുഴ പുത്തൻപള്ളി ഹാളിൽ പൊതുദർശനം. വൈകിട്ട് മൂന്നു മണിക്ക് ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. കൊച്ചി വരാപ്പുഴയ്‌ക്കടുത്ത് കൂനമ്മാവിലായിരുന്നു താമസം. അവിവാഹിതയായിരുന്നു. എബി സുരേഷ് സഹോദരനാണ്.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.





0 Comments