കഴക്കൂട്ടം: നാടെങ്ങും കൊറോണ ഭീതി പരത്തുമ്പോൾ കഴക്കൂട്ടം ഫയർ ഫോഴ്സിന് വിശ്രമമില്ല. നാട്ടിലെ തീപിടുത്തങ്ങളും മറ്റ് അപകടങ്ങളും നേരിടുന്നതിനു പുറമേ ലോക്ക് ഡൗൺ കാലത്ത് പൊതു ജനങ്ങൾക്ക് ഉപകാര പ്രദമായ നിരവധി സേവനങ്ങളുമായി മുന്നിൽ തന്നെയുണ്ട് സേന. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടം, പോത്തൻകോട്, മംഗലപുരം, കണിയാപുരം, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് അറുപതിലേറെ കേന്ദ്രങ്ങളാണ് സേന അണുവിമുക്തമാക്കിയത്. കൂടാതെ ക്വാറന്റൈൻ സെന്ററുകൾ, ആശുപത്രികൾ, വിവിധ സർക്കാർ ഓഫീസുകൾ, പബ്ലിക് മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, എന്നിവ ഇവയിൽ പെടും. പോത്തൻകോട് സ്വദേശി കൊറോണ ബാധിച്ച് മരിച്ചതിനെ തുടർന്ന് പോത്തൻകോട് ടൗൺ ഉൾപ്പെടെ രോഗ ബാധിതൻ സന്ദർശിച്ച മുഴുവൻ സ്ഥലങ്ങളും സേന പൂർണമായും അണുവിമുക്തമാക്കിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവശ്യ മരുന്നുകൾ എത്തിക്കാൻ ബുദ്ധിമുട്ട് അനുഭവിച്ച നിരവധി ആളുകൾക്കാണ് സേന മരുന്ന് എത്തിച്ച് നൽകിയത്. കഴിഞ്ഞ ദിവസം മാത്രം നാല് രോഗികൾക്ക് ഇത്തരത്തിൽ മരുന്ന് എത്തിച്ചിരുന്നു. ആവശ്യക്കാർക്ക് കമ്യൂണിറ്റി കിച്ചണിൽ നിന്ന് ആഹാരം എത്തിക്കുന്നതിനും സേന സഹായിക്കുന്നുണ്ട്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സഹായത്തോടു കൂടി പൊതുജന സേവനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് ഉള്ളതിനാലും കൊറോണ വ്യാപന ഭീതി നിലനിൽക്കുന്നതിനാലും നല്ലൊരു ഭാഗം ജീവനക്കാരും വീടുകളിൽ പോകാതെ സ്റ്റേഷന് സമീപം തന്നെ താമസിച്ചു കൊണ്ടാണ് ഇത്തരം സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ പെൻഷൻ വിതരണം ആരംഭിച്ചതു മുതൽ ട്രഷറിയുടെ മുൻപിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി എല്ലാ ദിവസവും 4 സിവിൽ ഡിഫൻസ് വോളണ്ടിയർമാർ ട്രഷറിയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുന്നതിനോ മറ്റു സേവനങ്ങളോ ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പറായ 0471-2 700099 വിളിക്കേണ്ടതാണെന്ന് സ്റ്റേഷൻ ഓഫീസർ ജെ.ജിഷാദ് അറിയിച്ചു.
കർമ്മനിരതരായി കഴക്കൂട്ടം ഫയർ ഫോഴ്സ്





0 Comments