അറസ്റ്റിലായ വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ചോർന്നതിന് പിന്നാലെ കഞ്ചാവ് ഉപയോഗം ഇനിയും തുടരുമെന്ന് വ്ലോഗർ പൊലീസിന് മുന്നിൽ പറഞ്ഞു. ചീരയും കാബേജും കാരറ്റും പൊലെയൊക്കെ തന്നെയാണ് കഞ്ചാവ്. ഭൂമിയിൽ വിത്ത് വീണ് മുളച്ചുവരുന്ന ഒരു ചെടിയാണത്. കഞ്ചാവ് ഒരു ഡ്രഗല്ല, മറിച്ച് പല അസുഖങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നാണ്. തന്റെ ജീവിതവും ചോരയും കഞ്ചാവാണെന്നും അതിനിയും ഉപയോഗിക്കുമെന്നും മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറയുന്നു.
ഈ ലോകത്ത് ഏറ്റവും വിഷമുള്ളത് മനുഷ്യർക്കാണ്. ഞാൻ പ്രകൃതിയെ സ്നേക്കുന്നു. എന്റെ മതവും ദൈവവും പ്രകൃതിയാണ്. വർഷങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ച് എന്റെ സംസാര ശക്തിയും കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനുള്ള സാമ്പത്തികശേഷി പാവപ്പെട്ടവനായ എനിക്കില്ലായിരുന്നു. ഒരു യോഗിയും വെള്ളക്കാരുമാണ് എന്നോട് പറഞ്ഞത് ഈ അസുഖത്തിനുള്ള ഏറ്റവും നല്ല മരുന്ന് കഞ്ചാവാണെന്ന്. അന്ന് തൊട്ടാണ് ഞാൻ കഞ്ചാവ് ഉപയോഗം ശീലമാക്കിയത്. അതിന് ശേഷമാണ് എനിക്ക് നന്നായി നടക്കാനും സംസാരിക്കാനും കഴിഞ്ഞത്.
സിഗരറ്റ് വലിക്കുന്നത് പ്രകൃതിക്ക് എതിരാണ്. സിഗരറ്റ് വലിക്കുന്നതിലൂടെ ക്യാൻസർ ബാധിക്കും എന്നതിലുപരി പ്രകൃതിയെയും അത് മോശമായി ബാധിക്കും. നമ്മളെന്തിനാണ് പുകയില ഉപയോഗിക്കുന്നത് വഴി ചെടികളെക്കൂടി കൊല്ലുന്നതെന്നും അറസ്റ്റിലായ വ്ലോഗർ ചോദിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോഗറും തമ്മിൽ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
പെൺകുട്ടിയുടെ ഫോൺ ട്രെയിൻ യാത്രക്കിടെ മോഷണം പോയെന്നാണ് അറിയുന്നത്. അതിന് ശേഷമാണ് ഈ ദൃശ്യങ്ങൾ പുറത്താവുന്നത്. ഇന്നലെ രാത്രി മുതലാണ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ഇന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള രേഖാമൂലമുള്ള പരാതി കാട്ടൂർ പൊലീസിന് ലഭിച്ചത്.
പെൺകുട്ടിയുടെ വീട് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കാൻ ഈ കുട്ടിയെ വ്ലോഗർ ക്ഷണിക്കുന്നുണ്ട്. പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് വിഡിയോ ദൃശ്യങ്ങൾ ചോർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിലായിരുന്നു. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു. യൂട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.
എന്റെ ജീവിതവും ചോരയും കഞ്ചാവാണ്, ഇനിയും വലിതുടരും; അറസ്റ്റിലായ വ്ലോഗർ





0 Comments