/uploads/news/1264-IMG-20191221-WA0006.jpg
Crime

കണിയാപുരത്ത് ക്ഷേത്രത്തിൽ മോഷണം. ഓഫീസും അഞ്ച് കാണിക്ക വഞ്ചികളും തകർത്ത് മുഴുവൻ പൈസയും മോഷ്ടിച്ചു


കഴക്കൂട്ടം: കണിയാപുരത്തെ കണ്ടൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഓഫീസും അഞ്ച് കാണിക്ക വഞ്ചികളും തകർത്ത് മുഴുവൻ പൈസയും കള്ളൻമാർ കൊണ്ടു പോയി. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ വച്ചിരുന്നതും ക്ഷേത്ര വളപ്പിലെ ഉപ ദൈവങ്ങളുടെ നടയിൽ സ്ഥാപിച്ചിരുന്നതടക്കമുള്ള കാണിക്ക പെട്ടികളാണ് കള്ളൻമാർ കുത്തി തുറന്ന് പണം അപഹരിച്ചത്. ക്ഷേത്രത്തിനു സമീപത്തുള്ള ഓഫീസിന്റെ വാതിൽ കമ്പിപാര കൊണ്ട് കുത്തി പൊളിച്ച് അവിടെ സൂക്ഷിച്ചിരുന്ന കാണിക്ക വരുമാനവും മോഷ്ടിക്കുകയുണ്ടായി. തിടപള്ളിയും കുത്തി തുറന്ന നിലയിലായിരുന്നു. ക്ഷേത്രത്തിലെ പ്രധാന ഗേറ്റും തെക്കും വടക്കുമുള്ള ഗേറ്റുകളിലെയും പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിൽ കടന്നത്. കുത്തി പൊളിക്കാൻ ഉപയോഗിച്ച കമ്പി പാരയും കള്ളൻമാർ ഉപേക്ഷിച്ചിട്ടാണ് പോയത്. തുക മുഴുവനും അപഹരിച്ച ശേഷം കാണിക്കപ്പെട്ടികൾ ക്ഷേത്ര വളപ്പിൽ ഉപേക്ഷിച്ചിരുന്നു. ഇന്നലെ സമീപത്തെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. നാലാം തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. ഒരോ തവണയും മോഷണം നടക്കുമ്പോൾ പൊലീസ് വന്ന് ചടങ്ങ് തീർത്ത് പോകുന്നതല്ലാതെ കേസെടുത്ത് മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കാറില്ലെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു. കള്ളൻമാർ പൊളിച്ച് കയറിയ ഓഫീസിൽ ഇനി പുതിയ വാതിലിടേണ്ട അവസ്ഥയാണ്. ക്ഷേത്രം സെക്രട്ടറി ശശിധരനും പ്രസിഡന്റ് ജയപാലനും മറ്റു ഭാരവാഹികളും ചേർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

കണിയാപുരത്ത് ക്ഷേത്രത്തിൽ മോഷണം. ഓഫീസും അഞ്ച് കാണിക്ക വഞ്ചികളും തകർത്ത് മുഴുവൻ പൈസയും മോഷ്ടിച്ചു

0 Comments

Leave a comment