തിരുവനന്തപുരം: 20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി കസ്റ്റഡിയിലായിരിക്കേ ചാടിപ്പോവുകയും ചെയ്ത ജോർജ് കുട്ടിയാണ് വീണ്ടും പിടിയിലായത്. ഈ മാസം 4 നാണ് ബാഗ്ളൂരിൽ വച്ച് തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ജോർജ് കുട്ടി രക്ഷപെട്ടത്. ഇക്കഴിഞ്ഞ 27 ശനിയാഴ്ച രാത്രി ജോർജ് കുട്ടി ബാഗ്ളൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് കമ്മീഷണർ ആനന്ത കൃഷ്ണൻ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം തിരുവനന്തപുരം എക്സൈസ് സംഘം ബാംഗ്ലൂരിലേക്കു തിരിക്കുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനിൽ കുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ പ്രതീപ് റാവു, കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, സി.ഇ.ഒമാരായ എ.ജാസിം, പി.സുബിൻ, എസ്.ഷംനാദ് എന്നിവരടങ്ങുന്ന സംഘം ബാഗ്ളൂരിൽ എത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനും ബാഗ്ളൂരിൽ എത്തിയപ്പോൾ ഒളിത്താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരിൽ നിന്നും ജോർജ് കുട്ടി മലപ്പുറത്ത് വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ഇവരുമായി മലപ്പുറത്തേക്ക് തിരിച്ചു. അതേ സമയം തന്നെ തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് വിളിച്ചു വരുത്തിയ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ എസ്. മധുസൂധനൻ നായർ, നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർമായ സജിമോൻ.ടി.കെ, മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘവും ചേർന്ന് വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളഞ്ഞ് സാഹസികമായി പിടികൂടുകയുമായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർത്തു. ആക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ മനോജിന് കാലിൽ മാരകമായി പരിക്കേറ്റു. ഇൻസ്പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതി ഇതിന് മുൻപും അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കുപ്രസിദ്ധ മയക്ക് മരുന്ന് കടത്തുകാരനായ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ ജോർജ് കുട്ടി പിടിയിൽ





0 Comments