വെള്ളനാട്
പഞ്ചായത്ത് സെക്രട്ടറിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിന് അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നെടുമങ്ങാട് ജില്ലാ സ്പെഷ്യൽ എസ്.സി/എസ്.ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.വെളളനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സിന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റ് ശ്രീകണ്ഠനെ(62) പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ ആറിന് ആണ് പരാതിക്ക് ഇടയായ സംഭവം. സെക്രട്ടറി സിന്ധു വൈകിട്ട് നാലിന് സെക്രട്ടറിയുടെ ചേംബറിൽ വിളിച്ചു കൂട്ടിയ സ്റ്റാഫ് മീറ്റിംഗിൽ വൈസ് പ്രസിഡന്റ് അതിക്രമിച്ചുകയറി മീറ്റിംഗ് തടസ്സപ്പെടുത്തിയെന്നും പട്ടികജാതിക്കാരിയായ സെക്രട്ടറിയെ ഓഫീസ് തള്ളിത്തുറന്ന് അകത്ത് കയറി പഞ്ചായത്തിലെ കീഴ് ജീവനക്കാരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആണ് സെക്രട്ടറി ആര്യനാട് പൊലീസിൽ പരാതി നൽകിയത്.തുടർന്ന് കാട്ടാക്കട ഡി.വൈ.എസ്.എസ്.പി ഷിബുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വ്യാഴാഴ്ച രാവിലെ വെള്ളനാട് കുളക്കോടുള്ള വീട്ടിൽ നിന്നും വൈസ് പ്രസിഡന്റ് ശ്രീകണ്ഠനെ ആര്യനാട് എസ്.എച്ച്.ഒ എസ്.വി.അജീഷും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നെടുമങ്ങാട് ജില്ലാ സ്പെഷ്യൽ എസ്.സി/എസ്.ടി കോടതിൽ ശ്രീകണ്ഠനെ ഹാജരാക്കി.
തുടർന്ന് കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.ഈ വരുന്ന 16ന് പരാതിക്കാരിയെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു.പരാതിക്കാരിയുടെ വാദം കൂടി കേട്ടതിന് ശേഷം 16ന് തുടർ നടപടികൾ ഉണ്ടാകും.
ജാതി അധിക്ഷേപം പഞ്ചായത്ത് വൈസ് പ്രസിഡന്റിന് താൽക്കാലിക ജാമ്യം





0 Comments