/uploads/news/news_മലയാളികളുടെ_പ്രിയപ്പെട്ട_ഭാവഗായകന്_വിട_1736442902_511.jpg
HOMAGE

മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന് വിട


തൃശ്ശൂർ:  മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായിരുന്ന ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരം, മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി. ജയചന്ദ്രൻ (81) അന്തരിച്ചു. സിനിമാ ഗാനങ്ങളായും ലളിത ഗാനങ്ങളായും ഭക്തി ഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുര മോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടപറഞ്ഞത്. തൃശ്ശൂരിലെ അമല ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ഏറെനാളായി ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച (ഇന്ന്) വൈകിട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം തൃശ്ശൂർ പൂങ്കുന്നത്ത് വീട്ടിൽ എത്തിക്കും. പത്ത് മുതൽ 12 മണിവരെ തൃശ്ശൂർ സംഗീത നാടക അക്കാദമിയിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച‌ വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്‌ച രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ച് തവണയും, ദേശീയ പുരസ്കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴിൽ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ 'കാത്താളം കാട്ടുവഴി' എന്ന ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചു. 'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന ഒറ്റഗാനത്തിലൂടെ തമിഴകത്തിന്റെ ഹൃദയവും കീഴടക്കിയ ജയചന്ദ്രൻ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും  ഭാഷാതിർത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു.

എറണാകുളം ജില്ലയിലെ രവിപുരത്ത് 1944 മാർച്ച് മൂന്നിന്, രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റേയും, പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമൻ ആയിട്ടായിരുന്നു ജയചന്ദ്രന്റെ ജനനം. 1958-ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ  മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ജയചന്ദ്രൻ ആയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ജയചന്ദ്രൻ 1966-ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി. അതേവർഷം കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീത ആസ്വാദകരുടെ മനസുകളിൽ കുടിയേറിയ ജയചന്ദ്രനെ മലയാളികൾ ഭാവഗായകനായി ഹൃദയത്തിൽ ഏറ്റെടുത്തു. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ ആലപിക്കാൻ ജയചന്ദ്രന് ഭാഗ്യമുണ്ടായി. പി.ഭാസ്കരനും വയലാറും മുതൽ പുതിയ തലമുറയിലെ ബി.കെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്ദത്തിലൂടെ ജീവൻ തുടിച്ചു.

ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിൻമണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതൻ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികൻ ഞാൻ, മായയിലെ സന്ധ്യക്കെന്തിന് സിന്ദൂരം, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങൾ ജയചന്ദ്രന്റെ സ്വര മാധുരിയിൽ പുറത്തുവന്നു. 1986-ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവ ശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിനാണ് ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരമെത്തിയത്.

അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ൽ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി, 2004-ൽ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി, എന്നും എപ്പോഴുമിലെ മലർവാക കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ൽ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ജയചന്ദ്രനെ തേടിയെത്തി.

തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡിനും അദ്ദേഹം അർഹനായി. 2021-ൽ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ജയചന്ദ്രൻ സംഗീത സാന്നിധ്യമായി. എം.എസ്. വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴിൽ അവതരിപ്പിച്ചത്. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.

രാസാത്തി ഉന്നെ കാണാതെ നെഞ്ചം (വൈദേഹി കാത്തിരുന്താൾ), മയങ്കിനേൻ സൊല്ല തയങ്കിനേൻ (നാനേ രാജ നാനേ മന്തിരി), വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മൻ കോവിൽ കിഴക്കാലെ), താലാട്ടുതേ വാനം (കടൽ മീൻകൾ), കാതൽ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ (കന്നത്തിൽ മുത്തമിട്ടാൾ), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതിൽ ചിലതുമാത്രം. 2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ 'ADA ... എ വേ ഓഫ് ലൈഫ്'' എന്ന ചിത്രത്തിനായി ആൽകാ യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. 1982-ൽ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രൻ ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കിൽ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20-ഓളം ചിത്രങ്ങൾക്കായി ഗാനം ആലപിച്ചു.

ജയചന്ദ്രൻ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളിൽ ഇടം പിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആൽബത്തിലെ ഗാനങ്ങൾ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴിൽ ദൈവദർശനം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലും പാടി. യേശുദാസിന്റെ ഗന്ധർവ ശബ്ദ സാന്നിധ്യത്തിലും ജയചന്ദ്രന്റെ കിന്നരനാദം വേറിട്ടുനിന്നു. തൊണ്ണൂറുകളുടെ അവസാനം  ജയചന്ദ്രന് പാട്ടുകൾ കുറഞ്ഞു. പല സംഗീത സംവിധായകരോടും അദ്ദേഹത്തിനും യോജിച്ചുപോവാൻ പറ്റാതായി. എന്തിനും തയ്യാറായി പുതിയ ഗായകർ രംഗത്തു വന്നതോടെ ജയചന്ദ്രന്റെ നല്ല കാലം തീർന്നെന്ന് സകലരും കരുതി.

എന്നാൽ, 1999-ൽ റിലീസ് ചെയ്ത കമലിന്റെ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഒരൊറ്റ ഗാനത്തിലൂടെ ഗാന സിംഹാസനം വീണ്ടും ജയചന്ദ്രനു സ്വന്തമായി. 2014-ലും ഈ മാജിക് ആവർത്തിച്ചു. നിറം എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടമായി പി.ജയചന്ദ്രന്റെ പാട്ടുജീവിതം ചരിത്രമായി നിൽക്കുന്നു. ശേഷം 1983 എന്ന സിനിമയിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനം കേരളം മുഴുവൻ അലയടിച്ചു. പിന്നീട് അനാരോഗ്യം മൂലം കുറച്ചുകാലം വീണ്ടും ഗാനരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും
2024 സെപ്റ്റംബർ 21-ന് വീണ്ടും അദ്ദേഹം ഒരു ഗുരുവായൂർ ഭക്തിഗാനം പാടാൻ മൈക്കിന് മുന്നിലെത്തിയിരുന്നു.

 

 

ശനിയാഴ്ച‌ വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്‌ച രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.

0 Comments

Leave a comment