നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അക്രമം നടത്തിയ 4 പ്രതികൾ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. അരുവിക്കര, നെട്ടയം, കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ അനീഷ് (24), കരകുളം, അയണിക്കാട്, മൈലാടുംപാറ, അഖിലാ ഭവനിൽ അനന്തു (24) അരുവിക്കര, നെട്ടയം, കാച്ചാണി ഊന്നൻപാറ, വാഴവിള വീട്ടിൽ സുധീഷ് (22), കോട്ടയം കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, ആലുംപരിപ്പ് ബ്ളോക്ക് കോളനി ഇളംപുരയിടത്തു വീട്ടിൽ നിന്നും വട്ടിയൂർക്കാവ് മണികണ്ഠേശ്വരം കുളത്തിൻകര ലൈനിൽ രാധാ ഭവനിൽ വാടകക്ക് താമസിക്കുന്ന ബിനീഷ് (21) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കാച്ചാണി സ്വദേശിയായ അജിത്ത് ആണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. ഇയാൾ ഒളിവിലാണ്. ഇക്കഴിഞ്ഞ 25 ന് രാത്രി 12.30 ഓടെ പരിക്കു പറ്റിയ ആളേയും കൊണ്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയതാണ് അഞ്ചു പേരടങ്ങിയ സംഘം. കാഷ്വാലിറ്റിയിലെ ഡ്രസിംഗ് റൂമിൽ കയറിയ പ്രതികൾ നഴ്സിംഗ് അസിസ്റ്റന്റ് മണികണ്ഠന്റെ ജോലി തടസ്സപ്പെടുത്തി. ഇതിനെ തുടർന്ന് ഇവരെ പുറത്തിറക്കി നിറുത്തിയ സെക്യൂരിറ്റി ജീവനക്കാരനായ അനീഷിനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. കൂടാതെ മേശപ്പുറത്തിരുന്ന ബി.പി അപ്പാരറ്റസ് തറയിൽ അടിച്ചു നശിപ്പിക്കുയും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരേയും ഇസിജി ടെക്നീഷ്യനേയും ചീത്ത വിളിക്കുകയും നഴ്സിംഗ് അസിസ്റ്റന്റിന്റെയും ഡ്യൂട്ടി ഡോക്ടറുടേയും ഔദ്ദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. ഉടൻ സംഭവ സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് നാലു പേരെയും സ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, വേണു, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ ബിജു, രാജേഷ്, സി.പി.ഒ മഹേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അക്രമം. പ്രതികൾ പിടിയിൽ





0 Comments