തിരുവനന്തപുരം: തമിഴ്നാട്ടിൽ ഭൂമി തട്ടിപ്പ് കേസിൽ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി (55) കോയമ്പത്തൂരിൽ അറസ്റ്റിലായി. കോടതി, വിൽപന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചു വെച്ചു കൊണ്ട് വിൽക്കാൻ ശ്രമിക്കുകയും കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരിക്കുകയും ചെയ്തെന്ന് പരാതിയിലാണ് സുനിൽ ഗോപിയെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
തടിമില്ലുടമയായ കോയമ്പത്തൂർ ജി.എൻ മിൽസ് തിരുവള്ളുവർ വീഥി ഗുരുവായൂരപ്പൻ വിലാസം ഗിരിധര(35) ന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സുനിൽ ഗോപി നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഭൂമിയുടെ രജിസ്ട്രേഷൻ അസാധുവാണെന്നു കോടതി കണ്ടെത്തി. ഇതു മറച്ചുവച്ചു സുനിൽ ഗോപി ഗിരിധരന് ഭൂമി വിൽക്കാൻ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നാണു പരാതി.
രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചു ചോദിച്ചപ്പോൾ നൽകിയില്ല. സുനിൽ ഗോപി, റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടിലാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. റീന, ശിവദാസ് എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനിൽ ഗോപിയെ റിമാൻഡ് ചെയ്തു.
സുനിൽ ഗോപിയുടെ ബന്ധുക്കളായ ശിവദാസ്, ഭാര്യ റീന എന്നിവർ നിലവിൽ ഒളിവിലാണ്. സുനിൽഗോപിക്ക് പുറമെ ഈ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം കൈമാറ്റം നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
കോടതി രജിസ്ട്രേഷൻ അസാധുവാക്കിയ കാര്യം മറച്ചുവച്ചു ഭൂമി ഗിരിധരൻ എന്നയാൾക്ക് വിൽക്കാൻ സുനിൽ ഗോപി 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.





0 Comments