മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കടന്നു കയറുകയും ബഹളം വെക്കുകയും ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്.ഹാഷിം, ജി.ഗോപൻ, പ്രവർത്തകരായ മുനീർ, ഷംനാദ്, നാസർ, അഖിലേഷ് അടക്കം കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് മംഗലപുരം പോലീസ് കേസെടുത്തത്. സർക്കാർ ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയതിനും ലോക് ഡൗൺ നിയമം ലംഘിച്ചതിനുമെതിരെയാണ് കേസ്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ഇരുപതോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ മംഗലപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കടന്നു കയറി ബഹളം വെക്കുകയും ഓഫീസ് പ്രവർത്തനം രണ്ടു മണിക്കൂറോളം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനാവശ്യ സമരം നടത്തിയിരുന്നു. ലോക്ഡൗൺ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത്‌ പ്രസിഡന്റുമായ വേങ്ങോട് മധു, തോന്നയ്ക്കൽ സായി ഗ്രാമം എക്സികുട്ടീവ് ഡയരക്ടർ കെ.എൻ.ആനന്ദ കുമാറിനോട് സായി ഗ്രാമത്തിനോട് ചേർന്നുള്ള വാർഡുകളിൽ ഭക്ഷ്യ ധാന്യം നൽകാൻ അഭ്യർത്ഥിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള എഴു വാർഡുകളിൽ സായി ഗ്രാമം സന്നദ്ധ പ്രവർത്തകർ വഴി കൈലാത്ത് കോണം – 200, ചെമ്പകമംഗലം – 200, പൊയ്കയിൽ – 200, പുന്നയിക്കുന്നം – 400, കുടവൂർ – 200, മുരിങ്ങമൺ – 650, കാരമൂട്-200 എന്നിങ്ങനെ നിർദ്ധനരായ രണ്ടായിരം കുടുംബങ്ങൾക്കാണ് ഭക്ഷ്യ ധാന്യം വിതരണം നടത്തിയത്. പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സായി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന വാർഡുകളിലാണ് വിതരണം നടന്നത്. തുടർന്ന് പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണുകൾക്കാണ് സായി ഗ്രാമം ഭക്ഷ്യ -ധാന്യം നൽകിയതെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് സമരവുമായി കോൺഗ്രസ് പ്രവർത്തകർ ഓഫീസിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഓഫീസിൽ കൂട്ടമായി നിന്നു കൊണ്ട് പിക്കറ്റിങ് സമരം നടത്തുകയും ചെയ്തു. പ്രസിഡന്റിന്റെ റൂമിൽ ഉണ്ടായിരുന്ന വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫിയ്ക്ക് രണ്ടു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പഞ്ചായത്തിനകത്ത് ജീവനക്കാർ ഉൾപ്പടെയുള്ളവർ ഭയത്തോടു കൂടിയാണ് ജോലിയിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടൽ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി. തിരുവനന്തപുരം ജില്ലയിലെ മികച്ച രണ്ടാമത്ത പഞ്ചായത്തായി സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫി അവാർഡ് നേടിയ ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കാനുള്ള രാഷ്രീയ തരം താഴ്ന്ന പ്രവർത്തിയാണ് കോൺഗ്രീസുകാർ ഓഫീസിനകത്തും ബി.ജെ.പി ഓഫീസിനു പുറത്തും നടത്തിയ അനാവശ്യ സമരമെന്ന് പ്രസിഡന്റ് വേങ്ങോട് മധു പറഞ്ഞു. കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന സായി ഗ്രാമവുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. തൻ്റെ അഭ്യർത്ഥന മാനിച്ചു തൊട്ടടുത്തുള്ള ഏഴു വാർഡുകളിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്യാൻ സായിഗ്രാമം തീരുമാനിക്കുകയായിരുന്നുവെന്നും പ്രസിഡൻ്റ് പറഞ്ഞു. മാത്രമല്ല സായി ഗ്രാമത്തോട് കമ്മ്യുണിറ്റി കിച്ചനു വേണ്ടി നൽകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്തിൽ സമരം. കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്സെടുത്തു





0 Comments