https://kazhakuttom.net/images/news/news.jpg
Local

സുഭിക്ഷ കേരളം പദ്ധതി മംഗലപുരം രംഗത്തിറങ്ങി.


കഴക്കൂട്ടം: ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള 'സുഭിക്ഷ കേരളം' പദ്ധതി കരുത്തോടെ നടപ്പാക്കാൻ മംഗലപുരം ഗ്രാമപഞ്ചായത്ത് രംഗത്തിറങ്ങി. ഗ്രാമപഞ്ചായത്തിൽ തരിശായി കിടക്കുന്ന 15 ഹെക്ടറോളം വരുന്ന പുന്നയിക്കുന്നം ഏലായിൽ  നെൽകൃഷി നടത്താൻ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ യോഗം കൂടി തീരുമാനിച്ചു. കർഷകരെ കൊണ്ട് നേരിട്ട് കൃഷി ചെയ്യാനാണ് തീരുമാനമായത്. ബാക്കി വരുന്ന തരിശു കിടക്കുന്ന നിലങ്ങളിൽ കുടുംബശ്രീയെ കൊണ്ടും കൃഷിയിറക്കും. പഞ്ചായത്തിലെ തരിശു കിടക്കുന്നതായി കണ്ടെത്തിയ 27 ഹെക്ടർ ഭൂമിയിൽ വസ്തു ഉടമകളെ കൊണ്ടും, കർഷകരെ കൊണ്ട് പാട്ടത്തിന് എടുത്തു കൊണ്ടു മരച്ചീനി, പച്ചക്കറി, ഇടവിള കൃഷി തുടങ്ങിയവ നടത്തും. വസ്തു ഉടമകൾക്കും കർഷകർക്കും കൃഷി ചെയ്യുന്നതിനാവശ്യമായ ധന സഹായം പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഏർപ്പെടുത്തിക്കൊടുക്കും. തരിശായി കിടക്കുന്ന ഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യാൻ വിത്ത്, തൈ, ജൈവ വളം, ജൈവ കീടനാശിനി, കൂലിച്ചിലവ് എന്നിവ കുടുംബശ്രീയ്ക്ക് നൽകിക്കൊണ്ട് ജൈവ സമൃദ്ധി പദ്ധതി നടപ്പാക്കും. കൂടാതെ 300 കുടുംങ്ങളിൽ ഗ്രോബാഗ് പച്ചക്കറി കൃഷി, 300 കുടുംബങ്ങളിൽ സമഗ്ര കിഴങ്ങു വർഗ്ഗ പുരയിട കൃഷി, 100 കുടുംബങ്ങളിൽ ഫലവൃക്ഷ കൃഷി, 500 വീടുകളിൽ വാഴകൃഷി എന്നിവ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മുട്ട ഉത്പാദന വർദ്ധനവിനായി 2,000 കുടുബങ്ങൾക്ക് 20,000 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ കുളങ്ങളിൽ കുടുംബശ്രീയ്ക്കും വ്യക്തികൾക്കും മത്സ്യ കൃഷി നടത്തുന്നതിന് വിട്ടു നൽകും. കൂടാതെ 500 കുടുംബങ്ങളിൽ ക്ഷീര സമൃദ്ധി പദ്ധതിയും നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, സെക്രട്ടറി ജി.എൻ.ഹരികുമാർ, കൃഷി ഓഫീസർ സജി അലക്സ് എന്നിവർ പറഞ്ഞു.

സുഭിക്ഷ കേരളം പദ്ധതി മംഗലപുരം രംഗത്തിറങ്ങി.

0 Comments

Leave a comment