കാട്ടാക്കട: കാട്ടാക്കട വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമടക്കം ഒരാളെ എക്സൈസ് പിടികൂടി. വിളവൂർക്കൽ വില്ലേജിൽ പേയാട് അല കുന്നം, ബിന്ദു ഭവനിൽ ബിനു (46)വിനെയാണ് അറസ്റ്റു ചെയ്തു. കാട്ടാക്കട, കുണ്ടമൺ, കുരിശുമുട്ടം ഭാഗത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. 150 ലിറ്റർ വാറ്റ് ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ക്രിസ്തുമസ്, ന്യൂ ഇയർ ഓപ്പറേഷന്റെ ഭാഗമായി കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പക്ടർ ബി.ആർ.സുരൂപ് നേതൃത്വം നൽകിയ പ്രത്യേക സ്ക്വാഡിന്റെ പ്രവർത്തന ഫലമായി റെയിഞ്ച് അസി: എക്സൈസ് ഇൻസ്പക്ടർ വി.ജി.സുനിൽ കുമാറും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സി. ആർ 46/19 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതി ബിനു ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ വീട് വാടകയ്ക്ക് എടുത്ത് കോട സൂക്ഷിച്ച് ആധുനിക രീതിയിൽ വൻ തോതിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് നൽകി വരികയായിരുന്നു എന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഒരു ലിറ്ററിന് 1000 രൂപ നിരക്കിലാണ് ചാരായം വിറ്റിരുന്നത്. ഇയാൾ കാട്ടാക്കട, പേയാട്, വിളപ്പിൽശാല, മലയിൻകീഴ് ഭാഗത്തും തിരുവനന്തപുരം നഗരപ്രദേശത്തും ആവശ്യക്കാർക്ക് സാധനം എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇയാളിൽ നിന്നും ചാരായം വിറ്റ വകയിൽ 11,350 രൂപയും പിടികൂടി. 2,50,000 രൂപയിൽ കൂടുതൽ വില മതിപ്പുള്ള സാധനങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനാ സംഘത്തിൽ സി.ഇ.ഒമാരായ, ഹർഷകുമാർ, രാജീവ്, ഷംനാദ്, പ്രശാന്ത്, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവർ പങ്കെടുത്തു.
വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമടക്കം കാട്ടാക്കടയിൽ ഒരാൾ എക്സൈസ് പിടിയിൽ





0 Comments