വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തിലെ ഒരാൾ അറസ്റ്റിലായി. നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടിൽ മഞ്ചേഷ് (23) നെയാണ് വെഞ്ഞാറമൂട് സി.ഐ വിജയരാഘവന്റെ നേതൃത്വത്തിലുളള പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത് വീട്ടിൽ സുനിൽ (38), മാരിയത്ത് വീട്ടിൽ സുരേഷ് (35) എന്നിവരെയാണ് അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചത്. പിടിയിലായ മഞ്ചേഷ് ഇവിടെ നടന്ന രണ്ടു കൊലപാതക ശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് മാരിയം വെട്ടു വിളയിലാണ് പകലും രാത്രിയുമായി കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച അഴിഞ്ഞാടിയത്. ഇവരുടെ ആക്രമണത്തിൽ വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന വെട്ടുവിള സ്വദേശികളായ ഷൈൻ, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കഞ്ചാവ് വില്പ്പനയെ എതിർത്തവരെയാണ് ആക്രമിച്ചത്. കഞ്ചാവ് വിൽപ്പന എതിർത്തു സംസാരിച്ച ലീലയുടെ പിന്നാലെ കുളിക്കടവിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു കളയുകയായിരുന്നു. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് രാത്രിയിൽ മങ്ങാട്ട് മൂലയിൽ നിന്നും എത്തിയ ഇരുപതോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നു വെഞ്ഞാറമൂട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിൽ നാല് പേർക്ക് കൂടി വെട്ടേറ്റു. സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്യുകയും വീട്ടിലുണ്ടായിരുന വസ്തുക്കൾ അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ശേഷം സംഘം സ്ഥലം വിട്ടു. വെഞ്ഞാറമൂട് സി.ഐ വിജയരാഘവൻ, എസ്.ഐമാരായ അജയൻ, ഷാജി. സി.പി.ഒ മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂട്ടിൽ സ്ത്രീകളെയടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ





0 Comments