കഴക്കൂട്ടം: വള്ളങ്ങളും മത്സ്യതൊഴിലാളികളെയും ബന്ധിയാക്കിയതിനെ ചൊല്ലി അഞ്ചുതെങ്ങ് കടപ്പുറത്ത് സംഘർഷം. പരിധി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് അഞ്ചുതെങ്ങിലെ മത്സ്യ ബന്ധനക്കാർ ഏതാനും വള്ളങ്ങളിലെ മത്സ്യതൊഴിലാളികളെ ബന്ധിയാക്കിയതിനെ ചൊല്ലിയാണ് സംഘർഷം. പോലീസ് ഏകപക്ഷീയമായി നടപടി എടുത്തതായും ആരോപണമുണ്ട്. ഇന്നലെ രാവിലെ 8:30 ഓടെ അഞ്ചുതെങ്ങ് തീരക്കടലിലാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ പതിനൊന്നോളം വള്ളങ്ങളും അതിലുണ്ടായിരുന്ന മത്സ്യ തൊഴിലാളികളെയുമാണ് അഞ്ചുതെങ്ങിലെ മത്സ്യ ബന്ധന തൊഴിലാളികൾ തീരക്കടലിൽ വെച്ച് തടഞ്ഞത്. തുടർന്ന് വള്ളങ്ങളും അതിലുണ്ടായിരുന്ന തൊഴിലാളികളേയും നിർബന്ധിച്ച് ഭീഷണിപ്പെടുത്തി കരക്കെത്തിച്ച് ബന്ധിയാക്കുകയും ചെയ്തു. കൂടാതെ നിരവധി വള്ളങ്ങൾക്കും മത്സ്യ ബന്ധന ഉപകരണങ്ങൾക്കും കേടുപാട് വരുത്തിയതായും പറയുന്നു. വള്ളത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ ഇവർ തട്ടിയെടുത്തതായും പ്രതികരിച്ച തൊഴിലാളികളെ മർദ്ദിച്ചതായും ആരോപണമുണ്ട്. മത്സ്യതൊഴിലാളികളെ ബന്ധിയാക്കിയത് അറിഞ്ഞതോടെ പെരുമാതുറ ഭാഗത്തെ മത്സ്യതൊഴിലാളികൾ സംഘടിക്കുകയും മുതലപ്പൊഴി പാലത്തിന് സമീപം റോഡ് ഉപരോധിക്കുകയും ചെയ്തു. മത്സ്യതൊഴിലാളികളെ ബന്ധിയാക്കി മണിക്കൂറുകൾ കഴിഞ്ഞാണ് ബന്ധപ്പെട്ടവർ ഇടപ്പെട്ടത്. രാവിലെ 9-ന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് അവസാനിപ്പിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉച്ചയോടെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബന്ധിയാക്കിവരെ വിട്ടയച്ചത്. എന്നാൽ വള്ളങ്ങൾക്ക് കേടുപാട് വരുത്തിയതിനോ മത്സ്യ ബന്ധന ഉപകണങ്ങൾ നശിപ്പിച്ചതിനോ ദേഹോപദ്രവം നടത്തിയതിനോ അഞ്ചുതെങ്ങ് പോലീസ് കേസെടുത്തിട്ടില്ല. പോലീസിന്റെയും ഫിഷറീസ് അധികാരികളുടെയും ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധം ശക്തമാണ്. ഉൾക്കടലിലാണ് തങ്ങൾ മത്സ്യബന്ധനം നടത്തിയതെന്നും മത്സ്യങ്ങളുമായി തീരക്കടൽ വഴി ഹാർബറിലോട്ട് വരുമ്പോഴാണ് തങ്ങളെ തടഞ്ഞതെന്നും പീഡനത്തിനിരയായ മത്സ്യതൊഴിലാളികൾ പറയുന്നു. അഞ്ചുതെങ്ങിലെ മത്സ്യ ബന്ധന തൊഴിലാളികൾ മുൻപും ഇതേ രീതിയാണ് സ്വീകരിച്ചിരുന്നതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനക്കാർ വള്ളങ്ങളും മത്സ്യതൊഴിലാളികളെയും ബന്ധിയാക്കിയതിനെ ചൊല്ലി കടപ്പുറത്ത് സംഘർഷം





0 Comments