കഴക്കൂട്ടം: മൺവിള ഓൾ ഇന്ത്യാ റേഡിയോ (എ.ഐ.ആർ) ഓഫീസ് കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ചു കടത്തി. ചന്ദനമര ചില്ലുകൾ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ വഴിയരുകിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ക്വാർട്ടേഴ്സിന്റെ മതിൽ ചാടിക്കടക്കുകയും കട്ടർ ഉപയോഗിച്ച് മരം മുറിച്ച് കടത്തുകയുമായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന പോലീസിലിന്റെ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മരം മുറിച്ച് കടത്തിയ സംഭവം റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചന്ദന മരം മുറിച്ച് കടത്തിയത്. എന്നാൽ മരം മുറിച്ച വിവരം ഇഞ്ചിനീയറിംഗ് വിഭാഗം ഡയറക്ടർ രമേഷ് ചന്ദ്രൻ ഇന്നലെയാണ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയില്‍പ്പെട്ട പ്രദേശമായ ഇവിടെ നിന്നും വ്യാപകമായി ചന്ദനം ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തപ്പെടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നേരത്തെ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സെക്യൂരിറ്റി സംവിധാനമില്ലാത്ത ഈ പ്രദേശത്ത് വേണ്ടത്ര സുരക്ഷിതത്വം ഇല്ലെന്ന റിപ്പോർട്ട് അവഗണിച്ചു കൊണ്ട് യാതൊരു മുന്നറിയിപ്പൊന്നുമില്ലാതെ അവിടെ ഉണ്ടായിരുന്ന പോലീസ് ഗാര്ഡ് സംവിധാനം ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ജീവനക്കാരനാണ് രാവിലെ മരം മുറിച്ച വിവരം അറിഞ്ഞത്. കടത്തിയ ചന്ദന തടിയുടെ വില വനം വകുപ്പിന് മാത്രമേ കണ്ടു പിടിക്കാൻ കഴിയുകയുള്ളു എന്ന് സംഭവസ്ഥലത്തെത്തി പരിശോധിച്ച കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാർ പറഞ്ഞു. ചന്ദനം മുറിച്ച് കടത്തിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഓൾ ഇന്ത്യാ റേഡിയോ കോമ്പൗണ്ടിലെ ചന്ദന മരം മുറിച്ച് കടത്തി





0 Comments