കടയ്ക്കാവൂർ: ലോക് ഡൗൺ കാലയളവിൽ ബിവറേജുകളും ബാറുകളും അടച്ചിട്ട പശ്ചാത്തലത്തിൽ വ്യാജവാറ്റും വ്യാജചാരായ വിൽപനയും വ്യാപകമായ സാഹചര്യത്തിൽ കടയ്ക്കാവൂർ പോലീസ് നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാറ്റു പിടിച്ചെടുത്തു. വ്യാജവാറ്റും വ്യാജചാരായ വിൽപനയും നടത്തിയ കീഴാറ്റിങ്ങൽ അംഗ്ലീ മുക്കിൽ പുത്തൻ വിള കോളനിയിൽ ലക്ഷം വീട്ടിൽ ദീപു (24) വാണ് അറസ്റ്റിലായത്. രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. കടയ്ക്കാവൂർ എ.കെ നഗർ ഡീസന്റ് മുക്കിൽ റബർ എസ്റ്റേറ്റിന് സമീപം ഒഴിഞ്ഞ പുരയിടത്തിൽ നിന്നാണ് വ്യാജ വാറ്റ് പിടികൂടിയത്. ആളൊഴിഞ്ഞ വീട്ടിൽ നാലു പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന കോടയും വാറ്റാൻ ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും അവർ ഉടൻ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു. 2018ൽ വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തവെ അജേഷ് എന്ന പോലീസുദ്യോഗസ്ഥനെ വണ്ടി ഇടിച്ചിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ദീപുവെന്ന് പോലീസ് പറഞ്ഞു. വാറ്റിയെടുക്കുന്ന ചാരായം ലിറ്ററിന് 1,500 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. കടയ്ക്കാവൂർ സി.ഐ ആർ.ശിവകുമാർ, എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, മാഹീൻ, നസീർ സി.പി.ഒ ജ്യോതിഷ്, ബിനു, അരുൺ, സുജിത്ത്, ജുഗുനു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കടയ്ക്കാവൂരിൽ 300 ലിറ്റർ വാറ്റ് ചാരായവുമായി പ്രതി അറസ്റ്റിൽ





0 Comments