തിരുവനന്തപുരം: കൊഞ്ചിറവിള ദേവീ ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടു നടത്തി 4.83 ലക്ഷം രൂപ കവർന്നയാളെ പോലീസ് പിടികൂടി. കൊഞ്ചിറവിള സ്കൂളിനു സമീപം ഐശ്വര്യാ റസിഡന്റ്സിൽ വാടകയ്ക്ക് താമസിക്കുന്ന നിതിൻ (32) ആണ് അറസ്റ്റിലായത്. കൊഞ്ചിറവിള ക്ഷേത്രത്തിലെ അക്കൗണ്ടന്റായിരുന്നു നിതിൻ. 2017-19 കാലഘട്ടത്തിലാണ് ക്രമക്കേട് നടന്നത്. ക്ഷേത്രത്തിന്റെ അക്കൗണ്ട് ഓഡിറ്റ് ചെയ്തപ്പോഴാണ് സാമ്പത്തിക തിരിമറി ശ്രദ്ധയിൽപ്പെട്ടത്. അക്കൗണ്ടിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിൽ നിതിൻ ക്രമക്കേട് കാണിക്കുകയായിരുന്നു. സംഭാവനയായി വരുന്ന പണം പൂർണമായി ബാങ്ക് അക്കൗണ്ടിൽ അടച്ചില്ല. ക്ഷേത്രത്തിൽ ഉത്സവം നടന്ന ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു തിരിമറി നടന്നത്. കൂടാതെ കാണിക്ക വരവ് രേഖപ്പെടുത്തുന്നതിലും ഇയാൾ ക്രമക്കേട് കാട്ടിയിരുന്നു. ഓഡിറ്റിൽ പിടിക്കപ്പെട്ടതോടെ നിതിൻ ഒളിവിൽപ്പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്ര ഭരണ സമിതിയുടെ പരാതി പ്രകാരം ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.
ക്ഷേത്രത്തിലെ നേർച്ചപ്പണം തട്ടിയെടുത്ത പ്രതി പിടിയിൽ





0 Comments