/uploads/news/1483-IMG_20200302_001703.jpg
Crime

തുമ്പയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ മുംബെയിൽ പിടിയിലായി.


കഴക്കൂട്ടം: തുമ്പയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ മുംബെയിൽ പിടിയിലായി. പള്ളിത്തുറ സ്വദേശികളായ ബിനോയ് ആൽബർട്ട് (21) പരുന്ത് സാജൻ (27) എന്നിവരെയാണ് മുംബെയിൽ വച്ച് തുമ്പ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ന് രാത്രി 11 മണിക്ക് പ്രതികളായ ബിനോയ് ആൽബർട്ടും സാജനും തുമ്പ നെഹ്റു ജംഗ്ഷനിലുള്ള സുരേഷ് കുമാറിന്റെ വീട്ടിലെത്തി ഇരുവരെയും അക്രമിക്കുകയായിരുന്നു. വീട്ടിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന സുരേഷ് കുമാറിനെ ബിനോയ് കമ്പി കൊണ്ടടിച്ചു വീഴ്ത്തി. തുടർന്ന് സാജൻ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. സുരേഷ് കുമാറിന്റെ നിലവിളി കേട്ട് എത്തിയ ഭാര്യയേയും സംഘം അക്രമിച്ചു. ആക്രമണത്തിൽ സുരേഷ് കുമാറിന് തലക്കും ചെവിക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തി വരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വിദേശത്തേക്ക് കടക്കാനായി മുംബെയിലെത്തിയ പ്രതികളെ എമിഗ്രേഷനിൽ തടഞ്ഞു വച്ചാണ് തുമ്പ പോലീസിനു കൈമാറുകയായിരുന്നു. ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയ പോലീസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. ഒന്നാം പ്രതി ബിനോയ് ആൽബർട്ട് ബുള്ളറ്റിലെത്തി സുരേഷിനെ ഇടിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. രണ്ടാം പ്രതിയായ പരുന്ത് സാജൻ നിരവധി അടിപിടി മോഷണ കേസുകളിൽ പ്രതിയാണ്. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാർ, എസ്.ഐമാരായ ഷാജി, ബാബു, കുമാരൻ നായർ, ബിജു, സീനിയർ സിവിൽ പോലീസുകാരായ പ്രസാദ്, ഷാജിമോൻ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തുമ്പയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ മുംബെയിൽ പിടിയിലായി.

0 Comments

Leave a comment