/uploads/news/1355-IMG-20200126-WA0001.jpg
Crime

മോഷണം പോയ സ്വർണ്ണം കുഴിമാടത്തിൽ നിന്ന് പിടിച്ചെടുത്ത് കടയ്ക്കാവൂർ പോലീസ്


കടയ്ക്കാവൂർ: മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തിയത് കുഴിമാടം മാന്തി. മോഷണ മുതൽ കണ്ടെടുത്തത് മോഷ്ടാവിന്റെ ഭാര്യാ പിതാവിന്റ കുഴിമാടത്തിൽ നിന്നും. കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്റെ വീട്ടിൽ നിന്നുമാണ് 40 പവനിലധികം സ്വർണാഭരണങ്ങൾ മോഷണം പോയത്. കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പൻ രതീഷിന്റെ കടയ്ക്കാവൂർ, കവലയൂർ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്തിരുന്ന സ്ഥലത്ത് നിന്നാണ് മോഷണ മുതലുകൾ കണ്ടെത്തിയത്. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണ മുതൽ പുരയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ടാകും എന്ന വിശ്വാസത്തിൽ സംശയം തോന്നിയ സ്ഥലങ്ങൾ കിളച്ച് നോക്കുകയായിരുന്നു. അതിൻ പ്രകാരം മണ്ണിളകി കിടന്ന കുടിമാടം കൂടി കുഴിച്ചു നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കിളിമാനൂരിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയ കേസ്സ്, കടയ്ക്കൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 500 പവനിലധികം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസുകൾ ഉൾപ്പെടെ ഒട്ടനവധി പിടിച്ചുപറി കവർച്ചാ, കഞ്ചാവ് കേസ്സുകളിലെ പ്രതിയാണ് രതീഷ് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം വെഞ്ഞാറമൂട്, തേമ്പാമൂട് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായാലും മോഷണ മുതലുകളെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതി മോഷണ മുതലുകളിൽ അവ്യക്തത പുലർത്തിയിരുന്നു. എന്നാൽ അതിനെയും കടത്തി വെട്ടുന്ന നീക്കത്തിലൂടെ കടയ്ക്കാവൂർ പോലീസ് പ്രതിയിൽ നിന്നും മോഷണ മുതലുകൾ മുഴുവനായും കണ്ടെടുക്കുകയായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.എബേബിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.എം.റിയാസ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, ഗ്രേഡ് എസ്.ഐ വിജയകുമാർ, എ.എസ്.എ ദിലീപ്, മഹേഷ് എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തി മോഷണ മുതലുകൾ വീണ്ടെടുത്തത്.

മോഷണം പോയ സ്വർണ്ണം കുഴിമാടത്തിൽ നിന്ന് പിടിച്ചെടുത്ത് കടയ്ക്കാവൂർ പോലീസ്

0 Comments

Leave a comment