കഴക്കൂട്ടം: കഴക്കൂട്ടം എക്സൈസ് നടത്തിയ പരിശോധനയിൽ തുമ്പയിലെ വീട്ടിൽ വ്യാവസായിക ആവശ്യത്തിനായി നിർമ്മിച്ച് സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു. മേനംകുളം, തുമ്പ വിജയ നിവാസിൽ ജാനറ്റ് (50) നെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തതായി എക്സൈസ് അറിയിച്ചു. 750 മി.ലി വീതം കൊള്ളുന്ന 1200 കുപ്പികളിലായി വീടിന്റെ വിവിധ മുറികളിൽ സൂക്ഷിച്ച വീഞ്ഞാണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ മധുസൂധനൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ ഷാഡോ ടീമിന്റെ അന്വേഷണത്തിൽ നടത്തിയ പരിശോധനയിലാണ് വീഞ്ഞ് കണ്ടെത്തിയത്. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്കായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കച്ചവടം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന വീഞ്ഞാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. 180 രൂപയ്ക്കാണ് ഒരു കുപ്പി വീഞ്ഞ് വിൽക്കുന്നത്. എക്സൈസ് സി.ഐ.വിനോദ്കുമാർ, ഇൻസ്പെക്ടർ മുകേഷ് കുമാർ പ്രിവൻന്റീവ് ഓഫീസർ മധുസൂധനൻ പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ജാസിം, പി.സുബിൻ, എസ്.ആർ.ബിനു, ശ്രീലാൽ, എൻ.സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്കിയത്.
വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് കഴക്കൂട്ടം എക്സൈസ് പിടിച്ചെടുത്തു





0 Comments