കഴക്കൂട്ടം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസ് കഴക്കൂട്ടത്ത് രണ്ട് കാറുകൾ ഇടിച്ച് തകർത്തു. ഇന്നലെ വൈകുന്നേരം 6:30- ന് ടെക്നോപാർക്കിന് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്ക് പോയ കല്ലട ബസ്സാണ് ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിന് സമീപത്ത് വെച്ച് അപകടമുണ്ടാക്കിയത്. സ്വകാര്യ ആശുത്രിയിലേയ്ക്ക് പോവുകയായിരുന്ന കാറിനെയാണ് ആദ്യം ഇടിച്ചത് എന്നാൽ രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ടതിനാൽ അവർ പോലീസിൽ പരാതി കൊടുക്കാതെ പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് ടെക്നോപാർക്കിന് സമീപം വെച്ച് പാസ്പോർട്ട് ഓഫീസിൽ പോയി മടങ്ങി വരുകയായിരുന്ന ഓയൂർ സ്വദേശി നജീബിന്റെ കാറിന്റെ പിൻഭാഗം ഇടിച്ചു തകർത്തു. അപകട സമയം നജീബിന്റെ ഭാര്യയും ഒന്നും രണ്ടും വയസ് പ്രായമുള്ള കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻഭാഗം ഇടിച്ച് തകർത്തെങ്കിലും ആർക്കും പരിക്കില്ല. സംഭവം കണ്ട യാത്രക്കാർ ബസ് തടഞ്ഞിട്ടു. തുടർന്ന് കഴക്കൂട്ടം പോലീസ് ബസ്സും ഡ്രൈവറെയും സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർ കൃഷ്ണൻകുട്ടി (48) മദ്യപിച്ചതായി കണ്ടെത്തിയെന്നും ഇയാൾക്കെതിരെ കേസെടുത്തതായും കഴക്കൂട്ടം പോലീസ് അറിയിച്ചു.
വീണ്ടും കല്ലട ബസിന് അപമാനം. മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസ് കാറുകൾ ഇടിച്ച് തകർത്തു





0 Comments