പാലക്കാട്: ആലത്തൂർ, വാഴുവാക്കോട് വ്യാജക്കള്ള് നിർമാണത്തിന് 7 പേരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. വിൻസെന്റ്, പരമേശ്വരൻ, ചന്ദ്രൻ, ശശി, ശിവശങ്കരൻ, ബൈജു എന്നിവരാണ് പിടിയിലായത്. 350 ലിറ്റർ സ്പിരിറ്റ്, 560 ലിറ്റർ നേർപ്പിച്ച സ്പിരിറ്റ്, 2000 ലിറ്റർ കള്ള് എന്നിവ ഇവരിൽ നിന്നും പിടികൂടി. കോതമംഗലം സ്വദേശിയായ സോമൻ നായർ എന്നയാളുടെ ഗോഡൗണിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. കന്നാസുകളിൽ നിറച്ച് കട്ടിലിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെടുത്തു. കൂടാതെ 11,65,500/-രൂപയും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കള്ള് കടത്താനുപയോഗിച്ച മൂന്നു ബൊലേറോ പിക്ക് അപ്പ് വാഹനങ്ങൾ, സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന ഒരു ക്വാളിസ് കാർ എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രതികളെയും തൊണ്ടി മുതലുകളും മേൽ നടപടികൾക്കായി ആലത്തൂർ എക്സൈസ് റേഞ്ചിന് കൈമാറി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ കെ.വി.സദയ കുമാർ, ജി.കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി.വിനോദ്, എസ്.മധുസൂദൻ നായർ, സി.സെന്തിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, വിശാഖ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വ്യാജ കള്ള് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 7 പേരെ എക്‌സൈസ് പിടികൂടി





0 Comments