പെരുമാതുറ : ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള സർക്കാർ സ്കൂളാണ് പെരുമാതുറ ഗവൺമെന്റ് എൽ.പി.സ്കൂൾ. ഇതിന് ശേഷം വന്ന പല സർക്കാർ സ്കൂളുകളും ഇന്ന് ഹൈസ്കൂളുകളും, ഹയർ സെക്കണ്ടറി സ്കൂളുകളുമാണ്. എന്നാൽ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും എൽ.പി.സ്കൂൾ മാത്രമാണ്.
അപ്ഗ്രേഡേഷനിൽ മാത്രമല്ല ഈ അവഗണന, അധ്യാപക നിയമനത്തിലും ഇതുണ്ട്. ഈ വിദ്യാലയമിപ്പോൾ 'നാഥനില്ലാക്കളരി'യായ അവസ്ഥയിലാണ്. ഒരുകാലത്ത് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരം പോലും ലഭിച്ച സ്കൂളായിരുന്നു ഇത്. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൽ നിന്ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ എൽ.ശ്യാമളകുമാരി ടീച്ചർ പ്രധാനാധ്യാപിക ആയിരുന്ന കാലഘട്ടമാണ് ഈ സ്കൂളിന്റെ സുവർണ കാലഘട്ടം. എന്നാൽ ഇന്ന് പ്രധാനാധ്യാപികയോ മറ്റു സ്ഥിരം അധ്യാപകരോ ഇല്ലാത്ത അവസ്ഥയാണ്. കുറേ വർഷങ്ങളായി ഈ സർക്കാർ വിദ്യാലയത്തിൽ താൽക്കാലിക അധ്യാപകർ മാത്രമാണുള്ളത്.
പേരിന് ഒരാൾ മാത്രമാണ് ഇന്ന് സ്ഥിരം അധ്യാപകനായിട്ടുള്ളത്, ഒരു പാർട്ട് ടൈം അധ്യാപിക കൂടിയുണ്ട്. ബാക്കിയുള്ളവരെല്ലാം ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലികാധ്യാപകരാണ്.
സ്ഥലം മാറ്റം ലഭിച്ചു വരുന്ന അധ്യാപകരോ, പ്രമോഷൻ കിട്ടി വരുന്ന പ്രധാനാധ്യാപകരോ ഇവിടെ നിൽക്കാറില്ല. എത്രയും വേഗം ട്രാൻസ്ഫർ വാങ്ങി പോകാറാണ് പതിവ്. ഇത് ഈ സ്കൂളിൽ കുട്ടികളെ ചേർക്കുന്നതിൽ നിന്ന് മാതാപിതാക്കളെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. നിലവിൽ എച്ച്.എമ്മിന്റെ ചാർജ് പോലും മറ്റൊരു അധ്യാപകന് നൽകിയിരിക്കുകയാണ്.
സ്ഥിരം അധ്യാപകരില്ലാത്തതിനാൽ തന്നെ കുട്ടികളുടെ പഠന നിലവാരവും തകർച്ചയിലാണ്. ഇതിനാൽ തന്നെ കിലോമീറ്ററുകൾ അകലെയുള്ള സ്വകാര്യ സ്കൂളുകൾ ഇവിടത്തെ വിദ്യാർത്ഥികളെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ്. ഈ നിലയിൽ പോയാൽ ഈ വിദ്യാലയ മുത്തശ്ശിയുടെ കടക്കൽ കത്തി വീഴുന്ന കാഴ്ച വിദൂരമല്ല.
എത്രയും വേഗം സ്ഥിരം അധ്യാപകരെയും, പ്രധാനാധ്യാപികയെയും നിയമിച്ച് സ്കൂളിനെ തകർച്ചയിൽ നിന്ന് കരകയറ്റണമെന്നത് നാട്ടുകാരുടെ നിരന്തരമായ ആവശ്യമാണ്.
എത്രയും വേഗം സ്ഥിരം അധ്യാപകരെയും, പ്രധാനാധ്യാപികയെയും നിയമിച്ച് സ്കൂളിനെ തകർച്ചയിൽ നിന്ന് കരകയറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം





0 Comments