കാട്ടാക്കട:
കാട്ടാക്കട നിയോജക മണ്ഡലത്തിൽ 2025 ജനുവരി 24, 25 തീയതികളിലായി വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നു. "എൻക്ലേവ് " എന്ന പേരിൽ സംഘടിപ്പിക്കുന്ന ധ്വിദിന ഉച്ചകോടിയിൽ മണ്ഡലത്തിലെ സർക്കാർ, എയിഡഡ് സ്കൂളുകളിലെ 500ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചികള്‍ മനസിലാക്കുന്നതിനും മികച്ച കോഴ്സുകളും തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തുന്നതിനുമായാണ് KIDC (കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കൌണ്‍സില്‍)യുടെ നേതൃത്വത്തില്‍ “എന്‍ക്ലേവ്” മെഗാ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 2 മാസകാലയളവിലായി ഇതിനോടനുബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും നടത്തിവന്നിരുന്നു. മണ്ഡലത്തിലെ സർക്കാർ, എയിഡഡ് സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസ്സുകളിൽ നിന്നും 3500 ൽ അധികം വിദ്യാർത്ഥികളുടെ പഠന പാഠ്യേതര അഭിരുചികൾ അസെസ്സ്മെന്റ് ടെസ്റ്റിലൂടെ ആരായുകയും അതിൻപ്രകാരമുള്ള റിപ്പോർട്ട് തയാറാക്കുകയും ചെയ്തിരുന്നു. അവരുടെ അഭിരുചികൾ പ്രകാരം നാട്ടിലും, രാജ്യത്തും, വിദേശത്തും അവരുടെ അഭിരുചികൾക്കുള്ള സാധ്യതകൾ ബോധ്യപ്പെടുത്തുന്നതിനായി കരിയർ കൗൺസിലിംഗും നൽകിയിരിക്കുന്നു. ഈ 3500 വിദ്യാർത്ഥികളിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്ത 500 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് എൻക്ലേവ് സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ മണ്ഡലത്തിലെ അൺഎയിഡഡ് സ്കൂളുകളിൽ നിന്നും 100 വിദ്യാർത്ഥികൾ എൻക്ലേവിൽ പങ്കെടുക്കും. എൻക്ലേവ് ഉച്ചകോടിയുടെ ഭാഗമായി വിവിധ പഠനമേഖലകളെയും തൊഴിൽ സാധ്യതകളെയും സംബന്ധിച്ച സെമിനാറുകൾ, സംവാദങ്ങൾ, സ്റ്റാർട്ടപ്പ് ബിസിനസ്സ് മീറ്റപ്പുകൾ, വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി സംവാദം, കലാ - സാംസ്കാരിക പരിപാടികൾ, വാന നിരീക്ഷണത്തിനുള്ള സംവിധാനം എന്നിവയുണ്ടാകും. പരിപാടിയോടൊപ്പം മെഗാ തൊഴിൽ മേളയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ കമ്പനികളിൽ ഒഴിവ് വരുന്ന 4000 ത്തോളം തസ്തികകളിലേക്ക് നേരിട്ടും ഓൺലൈൻ മുഖേനയുമുള്ള അഭിമുഖങ്ങൾ ഈ തൊഴിൽ മേളയയിലൂടെ നടക്കും. എൻക്ലേവിന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി പ്രശസ്ത നർത്തകി മഹാലക്ഷ്മി അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഉണ്ടാകും. തൊഴിൽ - പഠന സാധ്യതകളെ പരമാവധി പരിചയപ്പെടുത്തുന്ന തരത്തിലാണ് എൻക്ലേവ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.
കാട്ടാക്കട എൻക്ലേവ്: വിദ്യാഭ്യാസ ഉച്ചകോടി നാളെ





0 Comments