/uploads/news/news_ക്യാംപസുകളിലെ_ലഹരി_വ്യാപനത്തിനെതിരെ_ശക്ത..._1740412991_5923.jpg
Events

ക്യാംപസുകളിലെ ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഫാമിലി കോൺഫറൻസിന് ഉജ്ജ്വല സമാപനം


തിരുവനന്തപുരം: ക്യാംപസുകളിലെ ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന ആഹ്വാനത്തോടെ 'വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് സമാപിച്ചു. വൻ ജന പങ്കാളിത്തം കൊണ്ടും, സമകാലികമായി കുടുംബങ്ങളനുഭവിക്കുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്തതു കൊണ്ടും ഫാമിലി കോൺഫറൻസ് തലസ്ഥാന നഗരിക്ക് വേറിട്ട അനുഭവമായി. 

കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നടന്ന കോൺഫറൻസുകളുടെ സമാപനമായിരുന്നു തലസ്ഥാനത്തേത്. സംസ്ഥാനത്തെ ക്യാംപസുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപനവും, ഉപയോഗവും വർദ്ധിച്ചു വരുന്നതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത് സമൂഹം ഗൗരവമായി കാണണം. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടി എന്നതിലുപരി സാമൂഹിക പ്രതിരോധം ഉയർന്നു വരണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

പവിത്രമായ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. സ്ത്രീകൾക്കും, കുട്ടികൾക്കും കുടുംബ സംവിധാനത്തിൽ വലിയ സ്ഥാനമാണുള്ളതെന്നും, ഈ സമീപനത്തിൽ വർത്തമാന സമൂഹം വരുത്തിയ മാറ്റങ്ങളാണ് കുടുംബ ശൈഥില്യങ്ങൾക്ക് കാരണമായിത്തീർന്നതെന്നും ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

വിശ്വാസ വിമലീകരണവും, കുടുംബ ഭദ്രതയും ലക്ഷ്യമാക്കി മഹല്ലുകൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി.എൻ.അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ എം.പി കെ. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, കേരള സലഫി സെന്റർ മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി ഷാർജ പ്രമേയ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ്, സെക്രട്ടറി നസീം അഴിക്കോട് എന്നിവർ ആശംസകളറിയിച്ചു. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുല്ല കേശവദാസപുരം നന്ദിയും പറഞ്ഞു.

പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത് സമൂഹം ഗൗരവമായി കാണണം

0 Comments

Leave a comment