കഴക്കൂട്ടം: സാമൂഹിക മാറ്റത്തിന് അടിത്തറ പാകുന്ന ജനകീയ പദ്ധതികളുമായി കഴക്കൂട്ടം റോട്ടറി ക്ലബ് 29-ാം വർഷത്തിലേക്ക്. മാതൃകാപരമായ പ്രവർത്തനങ്ങളാണ് റോട്ടറി ക്ലബ് കഴിഞ്ഞ വർഷം കാഴ്ചവച്ചത്. പ്രളയ ബാധിത മേഖലകളിലെ നൂറു കണക്കിറ് കിണറുകൾ ശുചീകരിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കി. 'സ്നേഹ വീട്' പദ്ധതിയിലൂടെ അഞ്ച് പേർക്ക് സൗജന്യമായി വീടുകൾ വെച്ചു നൽകി. പള്ളിപ്പുറം പാടശേഖരത്തിലെ 50 ൽ പരം തരിശുനിലം കൃഷി യോഗ്യമാക്കി. നിരവധി വിദ്യാലയങ്ങളിൽ ടോയ്ലറ്റുകൾ നിർമ്മിച്ചു നൽകി. യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നടത്തുന്ന പദ്ധതികൾക്ക് കഴിഞ്ഞ കൊല്ലം പ്രാധാന്യം നൽകി. കഴിഞ്ഞ കൊല്ലം നടപ്പാക്കിയ പദ്ധതികൾ ഇക്കൊല്ലവും തുടരും. മാലിന്യ നിർമ്മാർജ്ജന രംഗത്ത് സമൂഹത്തിന് ഏറെ ഗുണകരമായ പദ്ധതികൾ ഇക്കൊല്ലവും നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി സായി ഗ്രാമത്തിന്റെ സഹകരണത്തോടെ പ്രദേശത്തെ 100 വിദ്യാലയങ്ങളും 100 റസിഡന്റ്സ് അസോസിയേഷനുകളും പ്ലാസ്റ്റിക് വിമുക്തമാക്കും. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന വിപത്തുകൾക്കെതിരെ 250-ൽ പരം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന് പ്രാധാന്യം നൽകി പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കും. 50-ൽ പരം ഏക്കർ തരിശുനിലം കൃഷി യോഗ്യമാക്കും. പച്ചക്കറി കൃഷി വികസന പദ്ധതി, സ്ക്കൂൾ പോലീസ് കേഡറ്റുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബോധവൽക്കരണ ക്ലാസുകൾ, പ്രദേശത്തെ പ്രാഥമിക കേന്ദ്രങ്ങളുടെ വികസനത്തിനായി ഹോപ്പ് പദ്ധതി, വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കായി വിൻസ് പദ്ധതി, പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്ക് സഹായം എത്തിക്കൽ ഉൾപ്പെടെ സാമൂഹിക മാറ്റത്തിന് ഉതകുന്ന നിരവധി പദ്ധതികൾ ഇക്കൊല്ലം നടപ്പിലാക്കും. പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കാതെ റോട്ടറി ക്ലബ് അംഗങ്ങൾ അവരുടെ വരുമാനത്തിൽ നിന്നും മാറ്റി വയ്ക്കുന്ന ഒരു വിഹിതമാണ് സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. റോട്ടറി ക്ലബിന്റ 29-മത്തെ പ്രസിഡൻറായി ശ്യാം സ്റ്റാറി പെരേരയെയും സെക്രട്ടറിയായി എസ്.സോമനാഥൻ നായരെയും തെരഞ്ഞെടുത്തു. ജൂൺ 29 ശനിയാഴ്ച രാത്രി 8 മണിക്ക് കഴക്കൂട്ടം കാർത്തിക പാർക്ക് ഹോട്ടൽ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഇരുവരും ചുമതലയേൽക്കും. പ്രമുഖ സാഹിത്യകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച ഗ്യാലക്സി ചാരിറ്റബിൾ ട്രസ്റ്റ്, ഡോ.ശരവണ കുമാർ, ഡോ. രേഷ്മ രാജ്, ശ്രീജാ ശശിധരൻ, രാജേഷ്, റിട്ട. അസി.സബ് ഇൻസ്പെക്ടർ ബാബു എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും.
ജനമനസ്സുകളിൽ ഇടം തേടി കഴക്കൂട്ടം റോട്ടറി ക്ലബ് 29-ാം വർഷത്തിലേക്ക്





0 Comments