/uploads/news/2410-IMG-20211031-WA0080.jpg
Events

ഡിഫറന്റ് ആര്‍ട് സെന്റര്‍ ലോകത്തിനൊരു മാതൃക: സജി ചെറിയാന്‍


കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി അവയെ പരിപോഷിപ്പിച്ചു കഴിവുകളാക്കി മാറ്റുന്ന ഡിഫറന്റ് ആർട് സെന്റർ ലോകത്തിനൊരു മാതൃകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചന്തവിള, മാജിക് പ്ലാനറ്റിന്റെ ഏഴാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു നടന്ന പ്രിസം-പ്രോഗ്രസീവ് ഇന്നവേഷൻസ് ഓഫ് സെവൻ മൈൽ സ്റ്റോൺസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികളും അവരുടെ കുടുംബങ്ങളും എല്ലാം മറന്ന് ആഘോഷിക്കുന്ന അപൂർവ നിമിഷങ്ങളാണ് ഇവിടെ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഗോപിനാഥ് മുതുകാട് തന്റെ ഇന്ദ്രജാല പ്രവർത്തനങ്ങളെല്ലം മാറ്റി വെച്ച് കഴിഞ്ഞ 7 വർഷമായി ഈയൊരു സദുദ്യമത്തിന് കൈ മെയ് മറന്ന് പ്രവർത്തിച്ചത് ഒരു നിയോഗമായാണ് കാണുന്നത്. സ്നേഹവും കരുതലുമാണ് ഇത്തരം കുട്ടികളോട് നാം പുലർത്തേണ്ടത്. അത് എല്ലാ അർത്ഥത്തിലും മുതുകാട് അവർക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വർഷവും വ്യത്യസ്തങ്ങളായ 7 നൂതന പദ്ധതികൾ നടപ്പിലാക്കിയാണ് മാജിക് പ്ലാനറ്റ് എട്ടാം വർഷത്തിലേയ്ക്ക് കടന്നത്. വരും വർഷങ്ങളിൽ നിരവധി സ്വപ്നങ്ങൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ടെന്ന് സ്വാഗത പ്രസംഗത്തിൽ ഗോപിനാഥ് മുതുകാട് പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എം.ബിനു സംസാരിച്ചു. മാജിക് പ്ലാനറ്റ് മാനേജർ ജിൻജോസഫ് നന്ദി പറഞ്ഞു. തുടർന്ന് മന്ത്രി ഡിഫറന്റ് ആർട് സെന്ററിലെ ഓരോ വേദികളിലുമെത്തി കുട്ടികൾക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രശസ്ത മജീഷ്യൻ പല്ലടം യോനയുടെ ചാപ്ലിൻ മാജിക് ഷോ അരങ്ങേറി. ഉച്ചയ്ക്കു ശേഷം ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ നടന്ന സ്മൈലി ടൈം ചിരിയുടെയും ചിന്തയുടെയും സംഗമ വേദിയായി മാറുകയായിരുന്നു. ഇന്ദ്രജാല കലയുടെ അപാര സാധ്യതകൾ പ്രയോജനപ്പെടുത്തി 2014 ഒക്ടോബർ 31ന് ഹാരിഹൂഡിനി ദിനത്തിലാണ് മാജിക് പ്ലാനറ്റ് എന്ന മാജിക് മ്യൂസിയം പിറവിയെടുക്കുന്നത്. ഇന്ദ്രജാലമെന്ന പാരമ്പര്യ കലാരൂപത്തെ കൂടുതൽ ജനകീയമാക്കി അതിലൂടെ ഇന്ത്യൻ ജാലവിദ്യകളുടെ വളർച്ച ലക്ഷ്യമിട്ടു കൊണ്ടാണ് മാജിക് പ്ലാനറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിനു പുറമേ ഇന്ത്യൻ പാരമ്പര്യ ജാലവിദ്യയുടെ നെടുംതൂണുകൾ എന്ന് വിശേഷിപ്പിക്കുന്ന തെരുവു മാന്ത്രികരെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു വലിയ കൂട്ടായ ശ്രമവും മാജിക് പ്ലാനറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. തുടർന്ന് 2015ൽ കുട്ടികളുടെ ഐ.ക്യു വർദ്ധിപ്പിക്കുന്നതിനായി റെയിൽബോ കിഡ്സ് പ്ലാനറ്റ്, സർക്കസ് കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി 2016ൽ സർക്കസ് കാസിൽ, ഭിന്നശേഷിക്കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2017ൽ എംപവർ സെന്റർ, വീടില്ലാത്ത ഇന്ദ്രജാല കലാപ്രവർത്തകർക്കും ഭിന്നശേഷിക്കുട്ടികൾക്കും സൗജന്യമായി താമസിക്കുന്നതിനായി 2018ൽ ആർട്ടിസ്റ്റ് വില്ലേജ് എന്ന ഗൃഹ സമുച്ഛയം, ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കെത്തിക്കുന്നതിനും മാനസികാരോഗ്യ ഉയർച്ചയ്ക്കുമായി 2019 -ൽ ഡിഫറന്റ് ആർട് സെന്റർ, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ സംരക്ഷണാർത്ഥം 2020ൽ കരിസ്മ, ഭിന്നശേഷിക്കുട്ടികൾക്ക് തൊഴിൽ നൽകുന്നതിനും അവരുടെ സർവതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2021 ൽ യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ എന്നിവയാണ് 7 വർഷങ്ങളിലെ മാജിക് പ്ലാനറ്റിന്റെ അത്ഭുത പൂർവ്വമായ പ്രവർത്തന നേട്ടങ്ങൾ.

ഡിഫറന്റ് ആര്‍ട് സെന്റര്‍ ലോകത്തിനൊരു മാതൃക: സജി ചെറിയാന്‍

0 Comments

Leave a comment